കറികൾക്ക് രുചിയും മണവും കിട്ടാൻ മാത്രമല്ല ചില രോഗങ്ങളെ അകറ്റി നിർത്തുന്നതിനും ഉലുവ സഹായകമാണ്. അൽപ്പം കയ്പ്പാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങൾ ഉലുവ നൽകുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വളരെ പ്രധാനമാണ്. ഇരുമ്പ്, മഗ്നീഷ്യം എന്നിവയുൾപ്പെടെ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നു. ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ള ഉലുവ ദഹന പ്രശ്‌നങ്ങളായ ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ ഇല്ലാതാക്കാൻ കഴിയും. വിശപ്പ് കുറയ്ക്കുകയും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു.
കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും ഉലുവയ്ക്ക് കഴിവുണ്ട്. ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.