പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ. കാത്തിരുപ്പുകൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബൻ വേൾഡ് വൈഡ് റിലീസുമായി എത്തുകയാണ്. 2024 സെപ്റ്റംബർ 25 ന് മലൈക്കോട്ടൈ വാലിബൻ തീയേറ്ററുകളിൽ റിലീസാകുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും മോഹന്‍ലാലിന്‍റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറിനും ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത്. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.