ചെങ്ങന്നൂര്‍ : മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെയും ഭദ്രാസന വികസന പ്രവർത്തനങ്ങളുടെയും ധനശേഖരണാർത്ഥം നടത്തുന്ന ഭദ്രാസന ഫെസ്റ്റ് ഫെബ്രുവരി 26 നു ബുധനാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ ബഥേൽ അരമന അങ്കണത്തിൽ നടക്കും. വി.കുർബാനയോടു കൂടി ആരംഭിക്കുന്ന ഫെസ്റ്റ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യും. മാർത്തോമ്മാ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ്, പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ എന്നിവർ പങ്കെടുക്കും.
രുചികരമായ ഭക്ഷ്യ വിഭവങ്ങൾ, വിപണന സ്റ്റാളുകൾ, പുസ്തകങ്ങൾ, വിനോദഗെയ്മുകൾ, ഔഷധ സസ്യങ്ങൾ, പൂച്ചെടികൾ എന്നിവയുടെ സ്റ്റാളുകൾ ഫെസ്റ്റിൽ ഉണ്ടാകും. സിനിമാനടൻ ജഗദീഷ്, ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും 200 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇൻസ്റ്റഗ്രാമിൽ നേടിയ ആദ്യ മലയാളിയുമായ ഡോ. ജിതേഷ്ജിയുടെ ‘റാപ് ടൂൺ’ സ്റ്റേജ് ത്രില്ലർ , ‘വരയരങ്ങ്’: വരവേഗ വിസ്മയം മെഗാ സ്റ്റേജ് ഷോ, മഴവിൽ മനോരമ കോമഡി സ്റ്റാർസ് എവിനും കെവിനും, കൺമണി ശശിയുടെ വരയും സംഗീതവും, ഫ്ലവേഴ്സ് ടി വി ദേവഗീതം ഫെയിം അരുൺ സഖറിയ, ചെങ്ങന്നൂർ സൈബർ സെൽ എസ്സ്. ഐ ശ്രീ.സാലി ബഷീർ, ഫ്ലവേഴ്സ് ടോപ്പ് ദേവനാരായണൻ, ക്രിസം മെലഡിഡ് ബാന്റ്, മിഴി ഫോക് ബാന്റ് എന്നിവർ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നല്കും.
ലില്ലി ലയൺസ് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, യുവജന പ്രസ്ഥാനം കേന്ദ്ര കലാമത്സര ജേതാക്കളുടെ കലാപ്രകടനങ്ങൾ എന്നിവയും ഫെസ്റ്റിൽ അവതരിപ്പിക്കും. ചെങ്ങന്നൂർ ഭദ്രസനത്തിലെ 51 പള്ളികൾ ചേർന്നാണ് ഈ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഭദ്രാസന മെത്രാപ്പോലീത്താ, ജനറൽ കൺവീനർ ഫാ.പി.കെ കോശി, ജനറൽ കോർഡിനേറ്റർ ഫാ.രാജൻ വർഗീസ് എന്നിവർ അറിയിച്ചു.