മലപ്പുറം : മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി ഒരാള്‍ പോലീസിന്‍റെ പിടിയിലായി. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പോലീസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും കണ്ടെടുത്തു. പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് നാടന്‍ തോക്കും തിരകളും കണ്ടെടുത്തത്.
മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അബ്ദുല്‍ സലാം ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.