തിരുവനന്തപുരം : ചലച്ചിത്ര തൊഴിലാളികളുടെ പുതിയ സംഘടനയായ മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി എ.എസ് പ്രകാശിനെ തെരഞ്ഞെടുത്തു. സിനിമ പി.ആർ.ഒയാണ് പ്രകാശ്. റിയാസ് ഖാൻ നായക വേഷത്തിലെത്തുന്ന സസ്പെൻസ് കില്ലർ, സോണിയ അഗർവാളിന്റെ മലയാളം-തമിഴ് ചിത്രം ഗ്രാൻഡ്മ, പുതുമുഖതാര ചിത്രങ്ങളായ ചെല്ലക്കാറ്റ് , അമ്മക്കിളിക്കൂട് എന്നിവയാണ് പ്രകാശ് പി.ആർ.ഒയായി പ്രവർത്തിയ്ക്കുന്ന പുതിയ സിനിമകൾ.
സാരഥി ഫിലിംസ് വിതരണത്തിനെടുത്ത മുതൽവൻ (അർജ്ജുൻ, മനീഷ കൊയ്രാള ), കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (മമ്മൂട്ടി, അജിത് കുമാർ, ഐശ്വര്യ റായി, തബു ), തമീൻസ് ഫിലിംസ് വിതരണം നടത്തിയ മീര ഏജ് 45 ( ദീപ്തി നവൽ ), വസൂൽ രാജ എം.ബി.ബി.എസ് (കമലഹാസൻ, പ്രഭു , സ്നേഹ ) എന്നീ സിനിമകളുടെ കേരള പബ്ലിസിറ്റിയിലൂടെയാണ്, എ.എസ്. പ്രകാശ് ചലച്ചിത്ര രംഗത്ത് സജീവമായത്. പത്ത് വർഷത്തിനുള്ളിൽ നിരവധി മലയാളം സിനിമകളുടെ പി.ആർ.ഒയായ എ.എസ്. പ്രകാശ്, ദിനപത്രങ്ങളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
സംഗീത സംവിധായകൻ ഗോപൻ സാഗരി (പ്രസിഡന്റ് ), എ.എസ് പ്രകാശ് (ജനറൽ സെക്രട്ടറി), ലൊക്കേഷൻ വീഡിയോ പ്രൊഡ്യൂസർ വിഷ്ണൂബുദ്ധൻ (ട്രഷറർ), പ്രൊഡക്ഷൻ കൺട്രോളർ സുനിൽ തിരുവല്ലം (വൈസ് പ്രസിഡന്റ്), ക്യാമറാമാനും മേയ്ക്കപ്പ് ആർട്ടിസ്റ്റുമായ ബിജു പോത്തൻകോട് (ജോ. സെക്രട്ടറി), നവാഗത സംവിധായകരായ ഷിജിൻ ലാൽ, ജോളിമസ് (എക്സിക്യൂട്ടീവ് മെമ്പേഴ്സ് ) എന്നിവരാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ .
കേരളത്തിലോ മറുനാട്ടിലോ ചിത്രീകരിയ്ക്കുന്ന മലയാളം സിനിമയിൽ പ്രീ പ്രൊഡക്ഷൻ, ഷൂട്ടിങ്,പോസ്റ്റ് പ്രൊഡക്ഷൻ, റീലീസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിയ്ക്കുന്ന ടെക്നീഷ്യന്മാരുടെയും സ്കിൽഡ് ലേബർമാരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിയ്ക്കുന്ന സംഘടനയാണ് മലയാളം സിനിമ എംപ്ലോയീസ് അസോസിയേഷൻ.