കോന്നി: അക്ഷരങ്ങളെയും മലയാള – ഇംഗ്ലീഷ് സാഹിത്യത്തെയും അഗാധമായി സ്നേഹിച്ച സാധാരണക്കാരിൽ സാധാരണക്കാരുടെ വിജ്ഞാനകോശമായിരുന്നു എഴുത്തുകാരനായ ഡോ.സി.കെ സാമുവേൽ എന്ന ഡോക്ടർ അപ്പച്ചൻ.
—
1914 ജൂലൈ 22, പത്തനംതിട്ട ജില്ലയിലെ അട്ടച്ചാക്കൽ ചക്കാലമണ്ണിൽ കോരള കോരളയുടെയും റാഹേലമ്മ കോരളയുടെയും മകനായി ജനിച്ചു. പത്തനംതിട്ട ചുട്ടിപ്പാറ ഗവണ്മെന്റ് സ്കൂളിൽ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയതിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളത്തിൽ ലൈബ്രേറിയൻ ആയി സേവനം അനുഷ്ഠിച്ചു. തുടർന്ന് ഹോമിയോപ്പതിയിൽ മെഡിക്കൽ പ്രാക്ട്രീഷണർ ആയി.
ആയിരക്കണക്കിന് ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങളും മലയാള സാഹിത്യ പുസ്തകങ്ങളും ഇദ്ദേഹത്തിന്റെ സഹയാത്രികർ ആയിരുന്നു. ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് എഴുതിയ പേർഷ്യൻ യുദ്ധങ്ങൾ, കൂടാതെ ഭാരത ഓർത്തഡോക്സ് സഭ, മൈലപ്ര കുറിയാക്കോസ് ആശ്രമ സ്ഥാപകൻ പി ഐ മാത്യൂസ് റമ്പാച്ചന്റെ ആത്മകഥയടക്കം പത്തിൽപരം ആത്മകഥകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതും ഇദ്ദേഹമായിരുന്നു. ഇംഗ്ലീഷ് ഭാഷയിൽ ഇദ്ദേഹത്തിന് ഉണ്ടായിരുന്ന അഗാധമായ പാണ്ഡിത്യം വായനയിലൂടെയും വിദേശികളുമായുള്ള ബന്ധങ്ങളിലൂടെയും ബ്രിട്ടീഷ് പട്ടാളത്തിൽ നിന്ന് ലഭിച്ചതായിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ക്ഷാമകാലത്ത് CARE എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാൽപ്പൊടിയും ഗോതമ്പും സൗജന്യമായി കേരളത്തിൽ വിതരണം ചെയ്ത് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആത്മീയതയിൽ സന്യാസിവര്യനും ഭൗതികമായി ജീവിതത്തിൽ സമ്പാദ്യം ഒന്നും തന്നെ ഇല്ലാതിരുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. സൗജന്യ വൈദ്യസേവനങ്ങളും ആയിരക്കണക്കിന് പുസ്തകങ്ങളും സാധാരണക്കാർ മുതൽ അന്താരാഷ്ട്ര സാമൂഹിക രാഷ്ട്രീയ സർക്കാർ സംവിധാനങ്ങളിലെ പ്രമുഖരുമായുള്ള ബന്ധവുമായിരുന്നു ഇദ്ദേഹത്തിന്റെ ജീവിത സമ്പാദ്യം. അമേരിക്കയിലെ ചർച്ച് ഓഫ് ക്രൈസ്റ്റ് സയന്റിസ്റ്റ് സഭയിലെ അംഗവുമായിരുന്നു ഇദ്ദേഹം. ഗ്രീക്ക് ചരിത്രകാരനായിരുന്ന ഹെറോഡോട്ടസ് എഴുതിയ പേർഷ്യൻ യുദ്ധങ്ങൾ എന്ന ചരിത്ര ഗ്രന്ഥത്തിന്റെ അഞ്ചാം വാല്യം ആയ ‘തെർപീസ്കോരെ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ 2010 ഫെബ്രുവരി 19 ന് 96 ആം വയസ്സിലായിരുന്നു ഇദ്ദേഹത്തിന്റെ മരണം.