ബത്തേരി : മലയാളം ഹിന്ദിയെക്കാൾ താഴെയാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം കേവലം ഭാഷയല്ലെന്നും സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്ന മോദിയുടെ മുദ്രാവാക്യം നാടിനു ചേർന്നതല്ല. ഒരു നേതാവ്മ തിയെന്നുള്ള ചിന്ത യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യ ഒരു ബൊക്കെ പോലെയാണ്. അതിൽ എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ. എന്നാൽ ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലർ പറയുന്നത്. ഒരു നേതാവ് മാത്രം മതിയെന്നും ഇവർ പറയുന്നു. വയനാട് മെഡിക്കൽ കോളജ് പ്രശ്നം സംസ്ഥാന സർക്കാരിന് രണ്ടു മിനിട്ടു കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതാണ്. പക്ഷേ അവർ ചെയ്യുന്നില്ല. വയനാട് മനോഹരമായ സ്ഥലമാണ്. എന്റെ അമ്മയോട് വയനാട്ടിൽ താമസിക്കാൻ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തിൽ വരുമ്പോൾ രാത്രിയാത്ര, വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കും’– രാഹുൽ ഗാന്ധി പറഞ്ഞു.
റോഡ് ഷോയുടെ ഭാഗമാകാൻ എത്തുന്ന പ്രവർത്തകർക്കെല്ലാം രാഹുൽ ഗാന്ധി കൈ കൊടുക്കുന്നുണ്ട്. ബത്തേരിയിലേക്കെത്തിയ കാറിൽ തന്നെയാണ് രാഹുൽ റോഡ് ഷോ നടത്തുന്നത്. റോഡ് ഷോയ്ക്കായി തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും കാറിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎയായ ഐ.സി.ബാലകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കൊപ്പം കാറിൽ സഞ്ചരിക്കുന്നത്.