അജ്‌മാൻ : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ് റീജിയൺ മഴവില്ല് 2023 പ്രോഗ്രാം തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി അജ്‌മാൻ കൾച്ചറൽ സെന്‍ററിൽ ഉദ്‌ഘാടനം ചെയ്‌തു. മലയാള ഭാഷയും ഭാരതത്തിന്‍റെ സാംസ്‌കാരിക മഹത്വവും പൈതൃകവും ആഗോളതലത്തിൽ അടയാളപ്പെടുത്താൻ പ്രവാസി മലയാളി സമൂഹം നടത്തുന്ന ശ്രമങ്ങൾ ശ്ലാഖനീയമാണെന്നും പ്രവാസി മലയാളി സമൂഹത്തെ ആഗോള തലത്തിൽ പ്രതിനിധീകരിയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാണെന്നും അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി പറഞ്ഞു. മത സൗഹാർദ്ദവും സാമൂഹ്യ ബന്ധങ്ങളും സംരക്ഷിയ്ക്കുന്ന മലയാളി സമൂഹത്തിന് ജീവിയ്ക്കുവാൻ ഏറെ പ്രിയങ്കരമായ നാടാണ് യു.എ.ഇ എന്നും ഈ രാജ്യത്തെയും ഭരണാധികാരികളെയും ഏറെ സ്നേഹിയ്ക്കുന്ന മലയാളി സമൂഹത്തിന് ആഗോള തലത്തിൽ നേതൃത്വം നൽകുന്ന വേൾഡ് മലയാളി കൗൺസിലിന്‍റെ നേത്രത്വത്തിൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്‌കൂളും സ്പോർട്സ് കോംപ്ലെക്സും അജ്മാനിൽ സ്ഥാപിയ്ക്കുന്നതിന് അനുമതി ലഭ്യമാക്കുമെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത അജ്‌മാൻ ഭരണാധികാരിയുടെ കൊച്ചുമകൻ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് അൽ ന്യൂയേമി പറഞ്ഞു.
അറേബ്യൻ സമൂഹവുമായി സ്നേഹാദരവുകൾ നിലനിർത്തുന്ന ചരിത്ര പാരമ്പര്യമുള്ള തിരുവിതാംകൂർ രാജവംശത്തിന്‍റെ പ്രതിനിധി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായിയ്ക്ക് അജ്‌മാൻ രാജ കുടുംബത്തിന്‍റെ സ്നേഹാദരവുകൾ ഷെയ്ഖ് അബ്ദുള്ള ബിൻ മാജിദ് അൽ ന്യൂയേമി സമർപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ് റീജിയൺ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, ഡോ. ജെറോ വർഗീസ് (WMC മിഡിൽ ഈസ്റ് റീജിയൺ ജനറൽ സെക്രട്ടറി), WMC ഗുഡ്‌വിൽ അംബാസിഡർ എൻ. മുരളീധര പണിയ്ക്കർ, രാജേഷ് പിള്ള (WMC ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), അക്കാഫ് അസ്സോസിയേഷൻ പ്രസിഡണ്ട് പോൾ .ടി. ജോസഫ്, പ്രോഗ്രാം ജനറൽ കൺവീനർ ഡയസ് ഇടിക്കുള, മനോജ് മാത്യു (WMC മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറർ), സിന്ധു ഹരികൃഷ്‌ണൻ (WMC ഗ്ലോബൽ വനിതാ ഫോറം സെക്രട്ടറി), ബാവാ റേച്ചൽ, ജിതിൻ അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.