പത്തനംതിട്ട : മലയാലപ്പുഴ മന്ത്രവാദ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് പ്രതികളായ ശോഭനയ്ക്കും ഉണ്ണി കൃഷ്ണനും പത്തനംതിട്ട ജുഡീഷ്യസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനും പാടില്ല. എന്നാല്‍ പ്രതികളുടെ ജാമ്യാപേക്ഷയെ പോലീസ് കോടതിയില്‍ എതിര്‍ത്തില്ല. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ കിട്ടുകയാണെങ്കില്‍ വിശദമായി അന്വേഷിക്കും എന്നാണ് പോലീസ് വിശദീകരണം. നിലവില്‍ ഒരു പരാതി മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
വാസന്തീ മഠം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി. നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.