മലയാലപ്പുഴ : പാറമടയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം മൂലം 54 ദിവസം അവധിയില്‍ പോയ മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലമാറ്റം. ആവശ്യപ്പെട്ടതനുസരിച്ചാണ് മാറ്റം. പഞ്ചായത്തിലെ പാറമടയ്ക്ക് അനുമതി നൽകാൻ ശക്തമായ സമ്മർദ്ദമുണ്ടായതിനെ തുടർന്ന് സെക്രട്ടറി, അസിസ്‌റ്റൻ്റ് സെക്രട്ടറി, ഹെഡ് ക്ലാർക്ക് തുടങ്ങി 3 പ്രധാന ജീവനക്കാരും ഒരു മാസത്തിലേറെ അവധിയെടുത്തിരുന്നു. 5 വർഷത്തിനിടെ മലയാലപ്പുഴ പഞ്ചായത്തിലെ 6-ാം സെക്രട്ടറിയാണ് ഇപ്പോൾ ചുമതലയേൽക്കാൻ പോകുന്നത്. ഇതിനു മുൻപത്തെ സെക്രട്ടറി ഒരു വർഷം മാത്രമാണ് ഇവിടെ
ജോലി ചെയ്തത്. ഇപ്പോൾ സ്ഥലം മാറ്റം ലഭിച്ച സെക്രട്ടറി ജനുവരിയിലാണ് ചുമതലയേറ്റത്.
കഴിഞ്ഞ മേയ് മാസം അസിസ്‌റ്റന്റ് സെക്രട്ടറി അവധിയിൽ പോകുന്നതിനു മുൻപ് ഹെഡ് ക്ലാർക്കിനും അവധി അനുവദിച്ചതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. 3 മാസം അവധിക്ക് അസിസ്റ്റന്റ് സെക്രട്ടറി അപേക്ഷിച്ചിരുന്നു. പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർക്കു പരാതി പോയതോടെ അവധി ഇവർ ഒരു മാസമായി ചുരുക്കി. വിഷയവുമായി ബന്ധപ്പെട്ട് മലയാലപ്പുഴ പഞ്ചായത്ത് ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകി. പഞ്ചായത്തിൽ പാറമട തുടങ്ങുന്നതിനെതിരെ പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി നിലപാട് സ്വീക രിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡ് ഉൾപ്പെടെ ഈ ഭാഗത്തുണ്ടെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. സിപിഎം, സിപിഐ അംഗങ്ങൾ ഉൾപ്പെടെ ക്വാറിക്ക് അനുമതി നൽകുന്നതിനെ എതിർത്തിരുന്നു.