മലയാലപ്പുഴ : സി.പി.എം നേതാവ് പ്രസിഡന്റായ മലയാലപ്പു സർവീസ് ഹകരണ ബാങ്കിൽ നടന്ന ഒരു കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.എം, സി.പി.ഐ കൂട്ടുകെട്ട് ഭരണം നടത്തുന്ന ബാങ്കിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടിന്റേയും തട്ടിപ്പിന്റേയും പേരിൽ സി.പി.എം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബാങ്ക് സെക്രട്ടറിയെ സസ്പെന്റ് ചെയ്യുകയും അത് മൂടി വെയ്ക്കുകയും ചെയ്ത ഭരണ സമിതിയും ക്രമക്കേടിൽ പ്രതികളാണെന്നും ഇത് ഉൾപ്പെടെ സമഗ്രവും വിശ്വാസ യോഗ്യവുമായ അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജില്ലയിലെ മറ്റ് സഹകരണ ബാങ്കിൽ നടന്നതുപോലെ സി.പി.എം നേതാക്കൾ നടത്തിയ ആസൂത്രിതമായ തട്ടിപ്പ് മൂലം മാസങ്ങളായി നിക്ഷേപകർക്ക് പണം ലഭ്യമാകുന്നില്ലെന്നും ഇതിനെതിരെ 28ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. രാവിലെ 10- മണിക്ക് അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.