തിരുവനന്തപുരം : ഓണക്കാലത്തെ അതിരൂക്ഷമായ വിലക്കയറ്റം സാധാരണക്കാരന്റെ മുഖത്തേറ്റ പ്രഹരമാണ്. ജീവിത ബജറ്റിന്റെ താളം തെറ്റിച്ച് ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ കുതിച്ചുയരുന്ന വിലയിലാണ് മലയാളി ഇത്തവണ ഓണം ഉണ്ണാനിരിക്കുന്നത്. പുറത്തുനിന്ന് സാധനങ്ങളുമായി വരുന്ന ഓരോ ലോഡും ഉയര്‍ന്ന വിലയിലാണ് എത്തുന്നത്. അരിയുടെ മൊത്ത വില രണ്ടാഴ്‌ച്ചയ്‌ക്കിടെ കിലോഗ്രാമിന് രണ്ട് മുതല്‍ ആറ് രൂപ വരെയാണ് ഉയര്‍ന്നത്. ചില്ലറ വിലയാവട്ടെ മൂന്ന് മുതല്‍ ഏഴ് രൂപ വരെ വര്‍ധിച്ചു. മാത്രമല്ല ഓണക്കാലത്ത് പൊതുവിപണിയില്‍ അരിക്കും മറ്റ് സാധനങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടുന്നതും വിലക്കയറ്റം വര്‍ധിക്കുവാന്‍ കാരണമാകുന്നു. കൂടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും വിലക്കയറ്റിന് ഒരു മൂലകാരണമാണ്.
ഇത്തരം അവസരങ്ങളില്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമായി കാണാറുള്ള ഒന്നാണ് സപ്ലൈക്കോകള്‍. തക്കസമയത്ത് വിപണിയില്‍ ഇടപെട്ട് കുറഞ്ഞവിലയ്‌ക്ക് ആവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന സപ്ലൈകോയുടെ സാന്നിധ്യം സാധാരണക്കാരനുണ്ടാക്കുന്ന ആശ്വാസം ചെറുതൊന്നുമല്ല.
എന്നാല്‍, ഇത്തവണ സപ്ലൈക്കോയിലും അധികം പ്രതീക്ഷ വെയ്‌ക്കേണ്ടെന്നാണ് സര്‍ക്കാര്‍ തരുന്ന മുന്നറിയിപ്പ്. മിക്ക സബ്‌സിഡി ഉല്‍പ്പന്നങ്ങളും വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല. ദിവസേന സപ്ലൈക്കോയില്‍ എത്തി വെറും കൈയ്യോടെ മടങ്ങുന്നത് നൂറ് കണക്കിനാളുകളാണ്. ഇത്ര വലിയ പ്രതിസന്ധി സപ്ലൈക്കോയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. വിതരണക്കാര്‍ക്ക് കൊടുക്കുവാനുള്ള കുടിശ്ശിക തന്നെയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. 3000 കോടി രൂപയിലധികം രൂപയാണ് കുടിശ്ശിക ഇനത്തില്‍ സർക്കാർ കൊടുക്കുവാനുള്ളത്. ഇത്രയും ഭീമമായ തുക നല്‍കാനുള്ളത് കൊണ്ട് തന്നെ ആരും സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ സാധാരണ ഗതിയില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ തീ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍.
പ്രളയവും കൊവിഡും വിതച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന മലയാളിയെ ഇപ്പോള്‍ വില വര്‍ധനവ് വേട്ടയാടിയിരിക്കുകയാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ അഞ്ച് വര്‍ഷമായി കണക്കുകള്‍ സപ്ലൈക്കോ ഓഡിറ്റ് ചെയ്‌തിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്. നെല്ലുസംഭരണത്തിന്റെ ഇനത്തില്‍ മാത്രം 433 കോടി രൂപയോളം സപ്ലൈക്കോയ്‌ക്ക് ലഭിക്കാനുള്ളതെങ്കില്‍ കിട്ടിയത് 180 കോടി രൂപ മാത്രമാണ്. അങ്ങനെയെങ്കിൽ വിലക്കയറ്റം എന്ന പേരില്‍ മാത്രം കൈകഴുകാന്‍ സര്‍ക്കാരിനാവില്ല. കഴിഞ്ഞ വര്‍ഷം 87 ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്‌തതെങ്കില്‍ ഇത്തവണ അത് ഏഴ് ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി. ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ട 500 കോടി രൂപ ധനവകുപ്പ് അനുവദിച്ചാല്‍ പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാനാവും. അല്ലെങ്കില്‍ മലയാളി കാണം വിറ്റ് തന്നെ ഓണം ഉണ്ണേണ്ടി വരും.