കൊച്ചി: തിരുവോണത്തിന് നാട്ടിലേക്കെത്താൻ നെട്ടോട്ടമോടുന്ന മലയാളികളെ കൊള്ളയടിച്ച് അന്തര്‍സംസ്ഥാന ബസ് സര്‍വീസ് ലോബി. ബാംഗ്ലൂര്, ചെന്നൈ, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്ക് 7000 രൂപ വരെ ഈടാക്കിയ ഏജന്‍സികളുണ്ട്. അവിട്ടം കഴിഞ്ഞാല്‍ തിരിച്ചുപോകാനും തിരക്കും കൊള്ളയും തുടരുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ഇന്നുവരെയുള്ള എല്ലാ സീറ്റുകളും മുഴുവനും ബുക്ക് ചെയ്തു. 1400- 1800 വരെയാണ് നിരക്ക്. കെ.എസ്.ആര്‍.ടി.സിയും സ്‌പെഷ്യല്‍ സര്‍വീസുകളുമായി എത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചവരെ പത്തിലേറെ ബസുകള്‍ എറണാകുളത്തെത്തി. നിരവധി ബസുകള്‍ യാത്രകളിലാണ്. ഇവിടെ നിന്ന് മറ്റ് ജില്ലകളിലേക്ക് കണക്ഷന്‍ സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മാനന്തവാടി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്കാണ് കൂടുതല്‍ ബസുകളും. മറ്റ് ജില്ലകളെ ബന്ധിപ്പിച്ചാണിവ. ആളുകള്‍ കൂടുതലായി എത്തുന്നതിനനുസരിച്ച് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടിക്കും.129 അധിക സര്‍വീസുമായി റെയില്‍വേ മലയാളികള്‍ക്കായി സതേണ്‍ റെയില്‍വേ ട്രെയിനുകളുടെ സീറ്റുകള്‍ കൂട്ടി .
സ്ഥിരം ട്രെയിനുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ചിട്ടുണ്ട്. ആവശ്യാനുസരണം 190 അധിക കോച്ചുകളാണ് റെയില്‍വേ ലഭ്യമാക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് സഹായകമായാണ് കൂടുതല്‍ കോച്ചുകള്‍ നൽകിയിട്ടുള്ളത്. 129 സ്പഷ്യല്‍ ട്രെയിനുകളും ഓണത്തിനോട് അനുബന്ധിച്ച് സര്‍വീസ് നടത്തും. 1,48,200 അധികം പേര്‍ക്ക് ഇതോടെ യാത്ര ചെയ്യാനുള്ള സൗകര്യം ലഭിക്കും. 2023ല്‍ 52 ട്രെയിനുകളും 2022ല്‍ 22 ട്രെയിനുകളും മാത്രം അനുവദിച്ച സമയത്താണ് ഇത്തവണ 129 ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്.