തൃശ്ശൂർ: കഞ്ചാവുകടത്തുകേസുകളിൽ പ്രതികളായി ആന്ധ്രാ ജയിലിൽ മലയാളി യുവാക്കൾ. പതിനഞ്ചിലധികംപേർ ഇത്തരത്തിൽ ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളിൽ ഉണ്ടെന്നാണ് എക്സൈസിന്റെ പ്രാഥമികനിഗമനം. സ്ഥിരം കഞ്ചാവുകടത്തുകാരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്രയുംപേർ ജയിലിലാണെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്ധ്രയിൽ ഉണ്ടായിരുന്ന കർശന വാഹനപരിശോധനയാണ് ഇവരിൽ മിക്കവരെയും കുടുക്കിയത്. തിരഞ്ഞെടുപ്പിനുശേഷം കഞ്ചാവുകടത്ത് വൻതോതിൽ കൂടുന്നുവെന്ന വിവരം കേരള എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരം കടത്തുകാരെ നിരീക്ഷിക്കാൻ വകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിനായി അന്വേഷണം നടത്തിയപ്പോൾ പലരെയും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടരന്വേഷണത്തിലാണ് ആന്ധ്രാ ജയിലിലാണെന്ന വിവരം ലഭിച്ചത്. ഇവരെ പിടികൂടിയ വിവരം ആന്ധ്രാ പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും അവർ വിവരം രഹസ്യമാക്കിവെച്ചിരിക്കുകയാണ്. നിലവിൽ ആന്ധ്രാ ജയിലിൽക്കിടക്കുന്നത് 25 വയസ്സിനു താഴെയുള്ളവരാണ്.പ്രധാനമായും തൃശ്ശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ഇത്തരത്തിൽ ഉണ്ടെന്നറിയുന്നത്. കൂടുതൽ അന്വേഷണം നടത്തിയാൽ എണ്ണം കൂടാമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്. അന്വേഷണങ്ങളുടെ ഭാഗമായി പുറത്തുവരുന്ന വിവരങ്ങൾ മാത്രമാണ് നിലവിലുള്ളത്.