മലയിന്‍കീഴ് : മലയിന്‍കീഴ് കരിപ്പൂരില്‍ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയില്‍. ഒരു വര്‍ഷം മുന്പ് മാത്രം നിര്‍മ്മിച്ച പ്രവാസിയായിരുന്ന വര്‍ഗീസിന്റെ വീടാണ് അടിത്തറയിലെ മണ്ണിടിഞ്ഞ് വീണ് താഴെയുള്ള വീടുകള്‍ക്ക് കൂടി ഭീഷണിയായിരിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് സമീപവാസികളെ മുഴുവന്‍ അവിടെ നിന്നും ഒഴിപ്പിച്ചു.
കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ ഭീകരശബ്ദംകേട്ട് പുറത്തിറങ്ങിനോക്കിയ നാട്ടുകാരാണ് വര്‍ഗീസിന്റെ വീടിന്റെ അടിത്തറ നില്‍ക്കുന്ന ഒരു ഭാഗം ഇടിഞ്ഞ് താഴേയ്ക്ക് വീണിരിക്കുന്നതാണ് കണ്ടത്. ആ സമയം ഉറക്കത്തിലായിരുന്ന വീട്ടുകാരെ വിളിച്ച് പുറത്തിറക്കിയത് അയല്‍ക്കാരായിരുന്നു. ആ ഭാഗത്ത് നിര്‍മ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കും ഇടിഞ്ഞുവീണിട്ടുണ്ട്.
സമീപത്തെ മതിലിനും ചുമരിനും വിള്ളലുകള്‍ ദൃശ്യമാണ്. ഒരു വര്‍ഷം മുന്പ് മാത്രം നിര്‍മ്മിച്ച വീടാണ് ഇപ്പോള്‍ അപകടാവസ്ഥയിലായിരിക്കുന്നത്. കുന്നിന്മുകളിലെ വീട് അപകടാവസ്ഥയിലായതോടെ അതിന് താഴെയുള്ള രണ്ട് വീടുകളും ഭീഷണിയിലായി. അവരടക്കം മൂന്നുവീടുകളിലുമുള്ളവരെ മാറ്റിതാമസിപ്പിച്ചിരിക്കുകയാണ്. മലയിന്‍കീഴ് പഞ്ചായത്തില്‍ കുന്നിടിക്കല്‍വ്യാപക മായിട്ടുള്ള പ്രദേശത്താണ് ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മൂന്ന് റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളാണ് ഈ ഭാഗത്തുള്ളത്. ഇവ കൂടാതെ വീടുകളും സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന് മണ്ണിടിക്കുന്നതിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് അനുമതി നല്‍കുന്നതായും പരാതിയുണ്ട്.
സംഭവസ്ഥലത്തിന് കീഴ്ഭാഗത്ത് റോഡ് നിരപ്പില്‍ മണ്ണിടിച്ച് കടമുറികള്‍ നിര്‍മ്മിച്ചതിന് പിന്‍ഭാഗത്ത് കഴിഞ്ഞയാഴ്‌ച്ച മണ്ണിടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു. തഹസീല്‍ദാര്‍ അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപകമായി കുന്നിടിക്കാനുള്ള അനുമതി നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് ഈ അപകടങ്ങള്‍ക്ക് കാരണക്കാരെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ പ്രദേശത്ത് കുന്നിടിക്കുന്നതിനും ജലാശയങ്ങള്‍ നികത്തുന്നതിനും യാതൊരു നിയന്ത്രണങ്ങളുമില്ലായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായിരുന്ന ചിലരുടെ അഴിമതിക്ക് ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നതിന്റെ പാര്‍ശ്വഫലമാണ് ഇപ്പോള്‍ നിരപരാധികള്‍ അനുഭവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.