മലയാറ്റൂർ: ക്രിസ്തുവിന്റെ അവസാന അത്താഴത്തിന്റെ ഓർമകൾ ഉണർത്തുന്ന പെസഹ വ്യാഴത്തിൽ ആയിരങ്ങൾ കുരിശുമുടിയുടെ കഠിനപാതകൾ താണ്ടി. നാളുകൾ നീണ്ട നോമ്പിന്റെ തീക്ഷ്ണത വെയിലിന്റെ കാഠിന്യത്തെ ഇല്ലാതാക്കി. വൈകിട്ടത്തെ മഴയുടെ അന്തരീക്ഷവും തീർഥാടകരുടെ വരവിനെ ബാധിച്ചില്ല. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം മലകയറ്റത്തിനു നിയന്ത്രണങ്ങളുണ്ടായിരുന്നു. രാവിലെ 6 മുതൽ വൈകിട്ടു 6 വരെ മാത്രമാക്കി മലകയറ്റം ചുരുക്കി.
ചുമന്നുകൊണ്ടു വരുന്ന വലിയ കുരിശുമായി മല കയറാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ചെറിയ കുരിശുകളുമായി ധാരാളം പേർ മല കയറി. മുൻ വർഷങ്ങളെ അപേക്ഷിച്ചു എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും കിലോമീറ്ററുകൾ താണ്ടി കാൽനടയായി ധാരാളം തീർഥാടക സംഘങ്ങളെത്തി. ഒറ്റയ്ക്കു നടന്നെത്തിയവരും ഉണ്ടായിരുന്നു. യേശു കുരിശു മരണത്തിന് ഇരയായ ദുഃഖവെള്ളിയുടെ ഓർമ പുതുക്കുന്ന ഇന്നു തീർഥാടകരുടെ വലിയ തിരക്കാണുള്ളത്.