സഞ്ചാരികൾക്കിതാ മറ്റൊരു സന്തോഷവാർത്ത കൂടി. അടുത്ത വിദേശയാത്ര എങ്ങോട്ടേയ്ക്ക് പോകണമെന്ന സംശയത്തിലാണോ? അതോ ക്രിസ്തുമസ് വിദേശത്ത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണോ? ഏതാണെങ്കിലും അടുത്ത വിദേശ യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ മലേഷ്യയെയും കൂടി ഉൾപ്പെടുത്താം. എന്താണെന്നല്ലേ വിസ അപേക്ഷയുടെ വലിയ നൂലാമാലകളില്ലാതെ ഇവിടേക്ക് ഇനി പ്രവേശിക്കാനാകും എന്നതു തന്നെ. ഇന്ത്യൻ സഞ്ചാരികൾക്ക് മലേഷ്യയിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം. ശ്രീലങ്ക, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കു പിന്നാലെയാണ് മലേഷ്യയും ഇന്ത്യയില്‍ നിന്നുള്ള സന്ദർശകർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ രാജ്യം സന്ദർശിക്കാം എന്ന് മലേഷ്യൻ പ്രധാമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു. 30 ദിവസത്തേയ്ക്കാണ് ഇത്തരത്തിൽ രാജ്യത്ത് വിസയില്ലാതെ ചെലവഴിക്കാൻ സാധിക്കുക.
ഇന്ത്യക്കാർക്കൊപ്പം ചൈനീസ് പൗരന്മാര്‍ക്കും രാജ്യത്ത് 30 ദിവസം വരെ വിസയില്ലാതെ താമസിക്കാം. എന്നാൽ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടായിരിക്കും വിസാ രഹിത പ്രവേശനം. എത്ര കാലത്തേയ്ക്കാണ് വിസ രഹിത പ്രവേശനം നല്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. വിസയില്ലാതെ മലേഷ്യ സന്ദര്‍ശിക്കാം എന്ന തീരുമാനം നടപ്പിലാകുന്നതോടെ വലിയ രീതിയിൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്‍റെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സഞ്ചാരികളെ രാജ്യത്തേയ്ക്ക് ആകർഷിക്കുന്നതിനുമായാണ് പുതിയ തീരുമാനം. നേരത്തെ നവംബര്‍ പത്ത് മുതല്‍ അടുത്ത വര്‍ഷം മേയ് 10 വരെ ആറ് മാസത്തേയ്ക്ക് തായ്ലൻഡ് ഇന്ത്യയിൽ നിന്നും തായ്വാനിൽ നിന്നുമുള്ള സഞ്ചാരികൾക്കായി വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്ക 2024 മാര്‍ച്ച് 31 വരെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കും.
മലേഷ്യ യാത്ര, അറിയേണ്ട കാര്യങ്ങൾ
ഏഷ്യയിലെ ചെലവു കുറഞ്ഞ വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് മലേഷ്യ. സുരക്ഷിതമായി പോയി വരാൻ സാധിക്കുന്ന ഈ രാജ്യത്തെ ഏറ്റവും പേരുകേട്ട ലക്ഷ്യസ്ഥാനം കോലാലംപൂർ ആണ്. മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിൽ തന്നെയാണ് ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികളും വിദേശ ടൂറിസ്റ്റുകളും എത്തുന്നത്. പെട്രോണാസ് ട്വിൻ ടവർ, പഗോഡകൾ, ക്ഷേത്രങ്ങൾ, മുസ്ലീം ദേവാലയങ്ങൾ, ഗുഹകൾ, പർവ്വതങ്ങൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.