കൊച്ചി : ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരില്‍നിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച് തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മറ്റ് കക്ഷികളും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് ഓഗസ്റ്റ് 13 ലേക്കു മാറ്റി. ദേവസ്വം ബോര്‍ഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.വി വിഷ്ണുനാരായണന്‍, ടി.എല്‍ സിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികള്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ ഹര്‍ജി കാലഹരണപ്പെടുമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.