മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ മൂന്ന് പഞ്ചായത്തുകളുടെ ശുദ്ധജലവിതരണ പദ്ധതി എങ്ങുമെത്തിയില്ല. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകൾക്കായി തുടങ്ങിയ ശുദ്ധജലവിതരണ പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. 2014 ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 6.78 കോടി ചെലവഴിച്ചു. മണിമലയാറ്റിലെ കോഴിമണ്ണിൽകടവിൽ കിണറും പുളിക്കാമലയിൽ 100 ലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കുന്ന ടാങ്കും പൂർത്തിയായി. രണ്ടാംഘട്ടത്തിൽ പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നീ സ്ഥലങ്ങളിൽ പുതിയ ടാങ്കുകൾ നിർമിച്ചു. പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലെ ടാങ്കുകൾ നവീകരിച്ചു. ശാസ്താംകോയിക്കൽ, ഹനുമാൻകുന്ന് എന്നിവിടങ്ങളിൽ ഭൂതല ടാങ്കുകൾ ഒരുക്കി.
ഇതിലേക്കായി 2017 മാർച്ചിൽ 24 കോടി രൂപ സംസ്ഥാന പദ്ധതിയിൽ അനുവദിച്ചിരുന്നു. സംഭരണികൾ പൂർത്തിയായെങ്കിലും മണിമലയാറ്റിലെ കിണറിൽനിന്നും പുളിക്കാമല ശുദ്ധീകരണശാലയിലേക്കും അവിടെനിന്ന് വിതരണത്തിനും ഉള്ള പൈപ്പുകൾ സ്ഥാപിക്കാത്തതിനാൽ നാളുകളായി പണി മുടങ്ങിക്കിടക്കുകയായിരുന്നു. പൈപ്പുകൾ കുഴിച്ചിട്ട് തകരാറിലാകുന്ന റോഡുകൾ പുനർ നിർമിക്കാനായി ജലജീവൻ മിഷൻ പദ്ധതിയിലടക്കം മൂന്ന് കോടിയോളം രൂപ പിഡബ്ല്യുഡിക്ക് കൈമാറിയശേഷമാണ് ഒടുവിൽ അനുമതി കിട്ടിയത്. ഈ ജോലികൾ പൂർത്തിയായെങ്കിലും ശുദ്ധീകരണശാലയിൽനിന്ന് വിതരണ സംഭരണികളിലേക്കുള്ള ലൈനുകൾ ഒന്നുമായിട്ടില്ല.
മുപ്പത് കിലോമീറ്റർ പൈപ്പ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടെങ്കിലും അതിൽ അഞ്ചിൽ താഴെ കിലോമീറ്റർദൂരമേ പൂർത്തിയായിട്ടുള്ളൂ. ആദ്യ കരാറുകാരൻ പൈപ്പുകൾ എത്തിക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ ഇയാളെ ഒഴിവാക്കുകയുംചെയ്തു. എന്നാൽ ചെയ്ത ജോലിയുടെ ആറ് കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിട്ടുമുണ്ട്. കരാറുകാരന്റെ മൂന്ന് കോടി രൂപ പിടിച്ചുവെച്ചിട്ടുണ്ട്. അവശേഷിക്കുന്ന പണികൾക്കായി 15 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി പദ്ധതി നിർവഹണച്ചുമതല വഹിക്കുന്ന അടൂർ പ്രോജക്റ്റ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു.