മല്ലപ്പള്ളി : യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തിനെതിരെ വ്യത്യസ്‌തമായ ബോധവൽക്കരണവുമായി മല്ലപ്പള്ളിയിലെ എക്‌സ്‌സൈസ് ജീവനക്കാര്‍. താലൂക്കിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി ‘എന്റെ കൃഷി എന്റെ ലഹരി’ പദ്ധതി നടപ്പിലാക്കുകയാണ് എക്‌സ്‌സൈസ്.
കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡിയുടെ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജിലെ അഞ്ച് സെന്റ് വസ്‌തുവിലാണ് എക്‌സൈസ് വകുപ്പിന്റെ നേത്യത്വത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തികൊണ്ട് പച്ചക്കറി കൃഷി തുടക്കമെന്ന രീതിയില്‍ നടത്തുന്നത്. താലൂക്ക്‌തല ഉദ്‌ഘാടനം ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളേജില്‍ കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ പച്ചക്കറി തൈകള്‍ നട്ട് നിര്‍വഹിച്ചു. പപ്പായ കറിവേപ്പില, ചേന, ചേമ്പ്, പച്ചമുളക്, മഞ്ഞള്‍, മരച്ചീനി, എത്തവാഴ ഇനത്തില്‍പ്പെട്ട കൂടുതലായി പരിചരണം ആവശ്യമില്ലാത്ത തരത്തിലുള്ള കാർഷിക വിളകളാണ് നടുന്നത്.
ജില്ലയില്‍ ആദ്യമായാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. കൃഷിയിലൂടെ കുട്ടികളെ ലഹരിയില്‍ നിന്നും മാറ്റിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യ ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ടും ഇത്തരത്തില്‍ എല്ലാ വീടുകളിലും സ്‌ഥാപനങ്ങളിലും ആവുന്ന രീതിയിലുള്ള പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമം കൂടിയാണ് പദ്ധതിക്കു പിന്നിലെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി. റോബര്‍ട്ട് അറിയിച്ചു.
പരിപാടിയിൽ വാര്‍ഡ് മെമ്പര്‍ മോളിക്കുട്ടി ഷാജി, കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിഷ കുരുവിള, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.പി.രാധാകൃഷ്‌ണന്‍, പത്തനംതിട്ട അസി:എക്‌സൈസ് കമ്മീഷണര്‍ എന്‍.രാജശേഖരന്‍, മല്ലപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി .റോബര്‍ട്ട്, അസി:എക്‌സ്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എം.എസ്. ബാബു, പ്രിവന്റീവ് ഓഫീസര്‍ കെ.കെ. സുദര്‍ശനന്‍പിള്ള, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍മാരായ സജീഷ് പി.ടി ,ദീപ എന്നിവരും സന്നിഹിതരായിരുന്നു.