തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസിലെ ഭിന്നത മുതലാക്കി പാര്‍ട്ടി വളര്‍ത്താനുള്ള നീക്കം സജീവമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ടാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. കേരളത്തിലെ ചില മുതിര്‍ന്ന നേതാക്കളെ തന്നെ മമത ഇതിനായി സമീപിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ രാഷ്ട്രീയ സ്വാധീനം ബംഗാളിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് മമതാ ബാനര്‍ജി ലക്ഷ്യമിടുന്നത്.
ഇതിനായി ഏതു വിധേനയും പാര്‍ട്ടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ ബംഗാളിനപ്പുറം മമതയ്ക്ക് രാഷ്ട്രീയ ശക്തിയില്ല. ബിജെപിയെ എതിരിടണമെങ്കില്‍ ഈ ശക്തി പോര എന്ന് മമതയ്ക്ക് വ്യക്തമായി അറിയാം. അതിനുള്ള മാര്‍ഗ്ഗമാണ് കോണ്‍ഗ്രസിലെ നേതാക്കള്‍. അസംതൃപ്തരായ നേതാക്കളെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് എത്തിക്കുകയാണ് മമതയുടെ പദ്ധതി. മേഘാലയയില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 12 പേരെ തന്റെ പാളയത്തിലെത്തിച്ച് ഒറ്റ രാത്രികൊണ്ട് അവിടുത്തെ പ്രതിപക്ഷമാകാന്‍ മമതയുടെ പാര്‍ട്ടിക്ക് കഴിഞ്ഞു.
അത്തരം ഉത്തരേന്ത്യന്‍ ജിമ്മിക് കേരളത്തില്‍ വിലപ്പോകില്ലെന്ന് മമതയ്ക്ക് ധാരണയുണ്ട്. അതുകൊണ്ടു തന്നെയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയില്‍ മമത കണ്ണുവയ്ക്കുന്നത്. മമതയുമായി വ്യക്തി ബന്ധം പുലര്‍ത്തുന്ന ചില മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലുണ്ട്. ഉന്നത നേതാക്കളെ തന്നെ തന്റെ പാളയത്തിലെത്തിക്കാനാണ് മമതയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പദവികള്‍ വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാന്‍ മമത ശ്രമിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് വിട്ട ചില നാലാം നിര നേതാക്കള്‍ തൃണമൂലില്‍ ചേരാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
മമതയുടെ ഒരു ഓഫറും സ്വീകരിക്കാന്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളാരും തയ്യാറാകില്ലെന്ന സൂചന തന്നെയാണ് ലഭിക്കുന്നത്. എന്നാല്‍ മമതയുടെ ഈ നീക്കം തങ്ങള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ദത്തിന് സൗകര്യമാക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. മമതയുടെ വാഗ്ദാനങ്ങളെ മുന്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.