കൊച്ചി : ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗം പി.ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടിയെത്തി. കൊച്ചി കിഴക്കമ്പലത്തെ പാറാട്ട് വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈ വിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചു കൊണ്ട് ശ്രീജേഷ് പറഞ്ഞു. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒളിമ്പിക്സ് മെഡല്‍ കേരളത്തിന് ലഭിക്കുന്നത്.
മമ്മുക്കയോടൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും വീട്ടില്‍ എത്തിയിരുന്നു. തനിക്ക് ലഭിച്ച മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. സ്ക്രീനില്‍ മാത്രം കണ്ട താരത്തെ അപ്രതീക്ഷിതമായി കണ്ട ശ്രീജേഷിന്റെ കുടുംബാംഗങ്ങളും സന്തോഷത്തോടെയാണ് മമ്മൂട്ടിയെ വരവേറ്റത്. ആഗസ്റ്റ് അഞ്ചിനായിരുന്നു പി.ആര്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയത്.