അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂര്‍ ബോട്ടപകടവുമെന്ന് മംമ്ത പറയുന്നു. യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെയാണെന്നും മംമ്ത ചോദിക്കുന്നു.
മയക്കു മരുന്നിന് അടിമപ്പെട്ടവര്‍ക്കൊപ്പം ഈ സമൂഹത്തില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും മംമ്ത പറഞ്ഞു. വലിയ മാറ്റങ്ങള്‍ അത്യാവശ്യമാണ്. പക്ഷേ എപ്പോള്‍? ആര് ചെയ്യും? ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയില്‍ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയൂ. എന്നെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍, ക്രൂരമായ കൊലപാതകത്തില്‍ ഇത്രയധികം ദൃക്സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ പൊരുതാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നതാണെന്നും നടി ചോദിക്കുന്നു.
മംമ്ത മോഹന്‍ദാസിന്റെ വാക്കുകള്‍
മയക്കുമരുന്നിന് അടിമപ്പെട്ട മാനസികനില തെറ്റിയവരുടെ ഇരകള്‍ ആകുയാണോ നിരപരാധികള്‍? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് സുരക്ഷിതമല്ല. ഈ അവസ്ഥ ഇനിയും അവഗണിക്കാന്‍ കഴിയില്ല. അധികാരത്തില്‍ ഇരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയില്‍ നടന്ന ദാരുണമായ രണ്ട് സംഭവങ്ങള്‍. ഡോ. വന്ദന ദാസിന് ആദരാഞ്ജലികള്‍. അവരുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവരിപ്പോള്‍ കടന്നുപോകുന്ന അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല. അവര്‍ക്കുണ്ടായിരുന്ന ഒരേയൊരു കുഞ്ഞിനെ ആണ് നഷ്ടപ്പെട്ടത്. മുന്‍പ് ഞാന്‍ പറഞ്ഞതുപോലെ പോയവര്‍ക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. പക്ഷേ ഒന്നും മാറുന്നില്ല. എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അതിന്റെ നടത്തിപ്പുകാരും എവിടെയാണ്. വലിയ മാറ്റങ്ങള്‍ അത്യാവശ്യമാണ്. പക്ഷേ എപ്പോള്‍? ആര് ചെയ്യും? ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയില്‍ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയൂ. എന്നെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍, ക്രൂരമായ കൊലപാതകത്തില്‍ ഇത്രയധികം ദൃക്സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ പൊരുതാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല.