ഗുരുവായൂർ : നടി മംമ്ത മോഹൻദാസ് സ്വന്തമാക്കിയ മഞ്ഞ നിറത്തിലുള്ള സ്പോർട്സ് കാർ പോർഷെ 911 കരേര എസ് കാറിന് ഗുരുവായൂരപ്പന് മുന്നിൽ വാഹന പൂജ നടത്തി. ഞായറാഴ്ച രാവിലെ 10.45 ന് ക്ഷേത്രം കിഴക്കേനടയിൽ കോയ്മ പൂജ ചെയ്തു.1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന കാർ സ്വന്തമാക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ധന്യനിമിഷമാണെന്ന് മംമ്ത പറഞ്ഞു. പോർഷെയുടെ ഈ ശ്രേണിയിലുള്ള കാർ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നടിയാണ് മംമ്ത.
അച്ഛൻ മോഹൻദാസ്, അമ്മ ഗംഗ, ദേവസ്വത്തിലെ മുൻ ഹെൽത്ത് സൂപ്പർവൈസർ പി.സി അരവിന്ദൻ, ഭാര്യ ശ്രീദേവി തമ്പാട്ടി എന്നിവരും വാഹന പൂജ ചടങ്ങിൽ പങ്കെടുത്തു. പൂജയ്ക്കു ശേഷം കണ്ണനെ കണ്ടു തൊഴുത് വഴിപാടുകളും നടത്തിയാണ് മമ്ത മടങ്ങിയത്. എറണാകുളത്തെ വീട്ടിൽ നിന്ന് പുതിയ കാർ സ്വയം ഡ്രൈവ് ചെയ്ത് മംമ്ത ഗുരുവായൂരിലെത്തി. പൂജയും ദർശനവും കഴിഞ്ഞ് ഉടൻ മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷോറൂമിൽ നിന്ന് കാർ ലഭിച്ചത്. നല്ല സമയം നോക്കി ഞായറാഴ്ച പൂജ നടത്തുകയായിരുന്നു.
കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര മംമ്ത തന്റെ ഗാരിജിലെത്തിച്ചത്. ഒരു സ്വപ്നം സാക്ഷാത്കരിച്ച ദിവസമാണ് ഇന്നെന്നും നിനക്കുവേണ്ടി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്നെന്നുമാണ് പോർഷെയുടെ ചിത്രം പങ്കുവച്ച് മമ്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കുറച്ചു നാളുകൾക്കു മുൻപ്, ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വിഡിയോ മംമ്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. 15 വർഷം മുൻപ് ബെംഗളൂരുവിൽ താൻ ബൈക്ക് ഓടിച്ചിരുന്നെന്നും അന്ന് താരം പറഞ്ഞിരുന്നു.
പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര എസ്. മൂന്നു ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തും 530 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ കാറിന് 3.7 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 308 കിലോമീറ്റർ.