കോഴിക്കോട്: നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ മലപ്പുറം വണ്ടൂരില്‍, പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷം മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവരികയായിരുന്നു.
കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്. പഠനകാലത്ത് സ്‌കൂളില്‍ നാടകങ്ങള്‍ സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. പഠന ശേഷം കോഴിക്കോട് കല്ലായിയില്‍ മരം അളക്കല്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനൊപ്പം അദ്ദേഹം നാടകത്തിലും അഭിനയിച്ചിരുന്നു.
നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1979ലായിരുന്നു ഇത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. സന്ത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ തുടങ്ങി പുതുതലമുറയിലെ സംവിധായകരുടെ വരെ ചിത്രങ്ങളില്‍ വേറിട്ട വേഷങ്ങളില്‍ മാമുക്കോയ എത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2004ല്‍ പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ജൂറിയുടെ പ്രത്യേക പരാമര്‍ശം) ലഭിച്ചു. 2008ല്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡും ലഭിച്ചു. (ഇന്നത്തെ ചിന്താവിഷയം).