തിരുവനന്തപുരം : കല്ലമ്പലത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ഭാര്യയെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പോലീസിലേല്‍പ്പിച്ചു.പാങ്ങോട് ഭരതന്നൂര്‍ പാകിസ്ഥാന്‍മുക്ക് പി.വി ഹൗസില്‍ യൂസഫ് കുഞ്ഞ് (48) നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇയാള്‍ ഭാര്യ നസീമയും മക്കളുമായി പുതുശ്ശേരിമുക്ക് അജ്മല്‍ കോട്ടേജില്‍ വാടകയ്ക്കാണ് താമസം. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയെ യൂസഫ്‌കുഞ്ഞ് ഭാര്യയോട് വഴക്കിടുകയും കറിക്കത്തിയെടുത്ത് കഴുത്തിനുനേരെ വീശുകയുമായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച നസീമയുടെ കൈ വിരലുകള്‍ അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു. തുടര്‍ന്നുള്ള ആക്രമണത്തില്‍ ദേഹമാസകലം മുറിവേറ്റു. നസീമയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യൂസഫ് കുഞ്ഞിനെ പിടിച്ചുകെട്ടി കല്ലമ്പലം പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ നസീമയെ നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലമ്പലം സി.ഐ. ഫാറോസിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാ പ്രസാദും മൂന്നോളം പോലീസുകാരുമടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.