ഝാന്‍സി : പതിമൂന്നുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം തെളിവു നശിപ്പിക്കാന്‍ ‘ദൃശ്യം മോഡല്‍’ തിരക്കഥയുണ്ടാക്കിയ പിതാവ് പിടിയില്‍. സിനിമ കണ്ടതില്‍നിന്നാണ് തനിക്ക് ഇത്തരത്തില്‍ കൊലപാതകം നടത്താന്‍ ആശയം ലഭിച്ചതെന്ന് അറസ്റ്റിലായ അമിത് ശുക്ല പോലീസിനോടു പറഞ്ഞു. ഉത്തര്‍പ്രദേശിലാണ് സംഭവം.
കഴിഞ്ഞ 25നാണ് പതിമൂന്നുകാരിയായ ഖുശി ശുക്ലയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. മരണ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പിതാവ് അമിത് ശുക്ല ജോലി സംബന്ധമായി പുറത്തും രണ്ടാനമ്മ ആകാംക്ഷ സ്വന്തം വീട്ടിലുമായിരുന്നു. രണ്ടാനമ്മയും ഖുശിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായിരുന്നുവെന്ന, അയല്‍ക്കാരുടെ മൊഴിയാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്താന്‍ സഹായിച്ചത്. രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അമിത് ശുക്ല മകളെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചു.
ദൃശ്യം സിനിമ കണ്ടതില്‍നിന്നാണ് കൊല നടത്തി തെളിവു നശിപ്പിക്കാം എന്ന ആശയം ലഭിച്ചതെന്ന് അമിത് പോലീസിനോടു പറഞ്ഞു. മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അജയ് ദേവ്ഗണ്‍ അഭിനയിച്ച് ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. രണ്ടാം ഭാര്യയുടെ സമ്മര്‍ദം മൂലമാണ് മകളെ കൊലപ്പെടുത്തിയത്. ഖുശിയോടൊത്തു താമസിക്കാനാവില്ലെന്ന് രണ്ടാം ഭാര്യ ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നു കൊല ആസൂത്രണം ചെയ്യുകയായിരുന്നു.
കൊല നടത്തിയ ദിവസം രണ്ടാം ഭാര്യയെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയായിരുന്നു. സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും താന്‍ വീട്ടില്‍ ഇല്ലെന്നും അവര്‍ അയല്‍ക്കാരോടെല്ലാം പറഞ്ഞു. മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പുറത്തിറങ്ങിയ അമിത് മൗരാനിപുരില്‍ എത്തി. താന്‍ ദിവസം മുഴുവന്‍ അവിടെ ഉണ്ടായിരുന്നെന്ന് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചു. ഇതു തന്നെയാണ് ഇയാള്‍ ആദ്യം പോലീസിനോടു പറഞ്ഞതും.
മൗരാനിപുരില്‍നിന്നു തിരിച്ചെത്തിയപ്പോള്‍ മകള്‍ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്നതു കണ്ടെന്നും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി അറിയിക്കുകയായിരുന്നെന്നുമാണ് അമിത് പോലീസിനോടു പറഞ്ഞത്. എന്നാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പൊട്ടിക്കരഞ്ഞ് സത്യം വെളിപ്പെടുത്തുകയായിരുന്നു.