പാലാ: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പാലായില്‍ പിടികൂടി. വെള്ളിയേപ്പള്ളി നായിക്കല്ലേല്‍ വീട്ടില്‍ സന്ദീപ് ബാബുവാണ് (32) പിടിയിലായത്. പാലായിലും പരിസര പ്രദേശങ്ങളിലും ആഡംബര കാറുകളില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
കഴിഞ്ഞ ദിവസം പാലാ ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബസില്‍ നിന്ന് ഇയാള്‍ ബാറ്ററികള്‍ മോഷ്ടിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് സന്ദീപ് പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ നിരവധി മോഷണം താന്‍ നടത്തിയതായി പ്രതി സമ്മതിച്ചു. ളാക്കാട്ടൂരില്‍ വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച കേസ്, ചെത്തിമറ്റത്തെ വര്‍ക്ഷോപ്പില്‍ നിന്ന് വെല്‍ഡിംഗ് സെറ്റ്, മെഷീന്‍ ഗ്രൈന്‍ഡര്‍, വീല്‍ ഡ്രമ്മുകള്‍ എന്നിവ അപഹരിച്ചത് തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഇയാള്‍.
മദ്യപാനത്തിന് പണം കണ്ടെത്താനാണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്നാണ് വിവരം. ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ പാലാ ഇന്‍സ്‌പെക്ടര്‍ എസ്‌എച്ച്‌ഒ സുനില്‍ തോമസ്, എസ്‌ഐമാരായ ബാബു പികെ, രാധാകൃഷ്ണന്‍ കെഎസ്, തോമസ് സേവ്യര്‍, ഷാജി കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ ചന്ദ്, ഷെറീന്‍ സ്റ്റീഫന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.