തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂര്‍ കടകുളത്ത് ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. തൊഴിലുറപ്പ് തൊഴിലാളിയായ തങ്കം (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട മരുമകന്‍ റോബര്‍ട്ടിനെ പൊഴിയൂര്‍ പോലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തങ്കത്തിന്റെ മകള്‍ പ്രീതയുടെ രണ്ടാം ഭര്‍ത്താവാണ് റോബര്‍ട്ട്. പ്രീതയുടെ ആദ്യ ഭര്‍ത്താവ് നാലു വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ചു. തുടര്‍ന്ന് ഊരമ്പ് സ്വദേശി റോബര്‍ട്ട് പ്രീതയ്‌ക്കൊപ്പം ചേരുകയായിരുന്നു. പ്രീതയുടെ ആദ്യ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ലഭിച്ച തുക ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. ഇന്നലെ പ്രീതയെ റോബര്‍ട്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. ഇരുമ്പ് ദണ്ട് കൊണ്ടായിരുന്നു മര്‍ദ്ദനം. പ്രീതയെ രക്ഷിക്കാന്‍ എത്തിയപ്പോഴാണ് തങ്കത്തിന് തലയ്ക്ക് അടിയേറ്റത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നാട്ടുകാരുടെ സഹായത്തോടെ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. പ്രീതയുടെ ഇടതു കൈക്ക് പൊട്ടലുണ്ട്, തലയിലും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്നയുടന്‍ നാട്ടുകാര്‍ പിടികൂടിയ റോബര്‍ട്ടിനെ പോലീസിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ പോക്‌സോ ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് റോബര്‍ട്ട് എന്ന് പോലീസ് പറഞ്ഞു.