കാസർഗോഡ് : ഹൊസ്ദുർഗിൽ ഹാഷിഷ് അടങ്ങിയ മിഠായികളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് സ്വദേശിയായ ദിൽജിത്ത് എം.വി (19) എന്നയാളാണ് പിടിയിലായത്. 448 ഗ്രാം ഹാഷിഷ് അടങ്ങിയ മിഠായികൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു കുമാർ ഇ.വി യും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് പാക്കറ്റുകളിൽ മാല പോലെ നിറച്ച മിഠായികളായാണ് ലഹരി വസ്തുക്കൾ കൊറിയറിൽ എത്തിയത്.
കാഞ്ഞങ്ങാട്ടും പരിസരത്തും ലഹരി മിഠായി വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം തുടരുന്നതിനിടെയാണ് കൊറിയർ വഴിയാണ് ഈ മിഠായികൾ എത്തുന്നതെന്ന വിവരം കൂടി എക്സൈസിന് ലഭിച്ചത്. നിരീക്ഷണം തുടർന്നുവരുന്നതിനിടെ കഴിഞ്ഞ ദിവസം കൊറിയർ വഴി എത്തിയ ലഹരി ഗുളികകളുമായി ദിൽജിത്ത് പിടിയിലാവുകയായിരുന്നു. ഇയാൾക്ക് പിന്നിൽ ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്