നെയ്യാറ്റിന്‍കര : പ്രണയിച്ച യുവാവുമായി മകളുടെ വിവാഹം നടത്തുന്നതില്‍ പ്രകോപിതനായ ഗൃഹനാഥന്‍ ഭാര്യയേയും മകളെയും മകനെയും വിവാഹത്തലേന്ന് വെട്ടിപ്പരിക്കേല്പിച്ചു. തന്റെ അനുവാദം ഇല്ലാതെ വിവാഹം നടത്താന്‍ ഇവര്‍ ഒരുങ്ങിയതാണ് പ്രകോപനം. എന്നാല്‍ തലയ്‌ക്കേറ്റ പരിക്കുമായി കതിര്‍ മണ്ഡപത്തിലെത്തിയ യുവതിയുടെ വിവാഹം നടന്നു.
ഭാര്യയേയും മക്കളേയും വെട്ടിയതിന് ശേഷം പിതാവ് ഒളിവില്‍ പോയിരുന്നു. എന്നാല്‍ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. ആറാലുംമൂട് പൂജാ നഗര്‍ മണ്ണറത്തല വീട്ടില്‍ പ്രദീപ് ചന്ദ്രന്‍ (57) ആണ് ഭാര്യയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മകളുടെ വിവാഹം തന്റെ ഇഷ്ടമില്ലാതെ നടത്തുന്നതിലുള്ള ദേഷ്യം കാരണമാണ് പ്രദീപ് ആക്രമണം നടത്തിയതെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ഭാര്യയേയും മക്കളേയും ഇയാള്‍ ആക്രമിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കംപ്യൂട്ടര്‍ കമ്പനിയില്‍ ജീവനക്കാരിയായ മകള്‍ ഒപ്പം ജോലി ചെയ്ത തൃശ്ശൂര്‍ സ്വദേശിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച ബാലരാമപുരത്തെ കല്യാണ മണ്ഡപത്തില്‍വെച്ച് ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഈ വിവാഹത്തോട് പ്രദീപിന് സമ്മതമില്ലായിരുന്നു.