കൊച്ചി : പെരുമ്പാവൂർ പട്ടിമറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. 50 വയസ്സിന് താഴെയുള്ള പുരുഷന്റെ മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു.
പട്ടിമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയുടെ പുക കുഴലിനോട് ചേർന്ന ചാരക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാരം വാരാനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ട്. അമ്പത് വയസ്സിന് താഴെയുള്ള പുരുഷന്റെതാണ് മൃതദേഹം. പ്രദേശത്തെ സിസിടിവി പോലീസ് പരിശോധിച്ച് വരികയാണ്. പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.