തൃപ്രയാര്‍: പണം നഷ്ടപ്പെട്ട പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയയാളെ കാത്ത് പണം സ്റ്റേഷനിലിരുന്നത് ‘സര്‍പ്രൈസാ’യി. റോഡില്‍നിന്ന് കളഞ്ഞുകിട്ടിയ അഞ്ഞൂറിന്റെ നോട്ടുകളടങ്ങിയ അര ലക്ഷം രൂപയുടെ കെട്ട് സഹോദരങ്ങള്‍ സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. തൃപ്രയാര്‍ ശ്രീവിലാസ് സ്കൂള്‍ റോഡില്‍ താമസിക്കുന്ന ചാലില്‍ ബഷീറും അന്‍വറുമാണ് പണം തിരിച്ചേല്‍പ്പിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇരുവരും.
പോളി സെന്‍ററിന് തെക്ക് ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ നിന്നാണ് നോട്ടുകെട്ട് ലഭിച്ചത്. ഉടന്‍ വലപ്പാട് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പണം പോയതായി പരാതിയൊന്നും അതുവരെ സ്റ്റേഷനില്‍ ലഭിച്ചിരുന്നില്ല. ജുമുഅ നമസ്കാരം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ സ്റ്റേഷനില്‍നിന്ന് വിളി വന്നു. ആധാരം എഴുത്തുകാരന്‍ മുരളിയുടെതായിരുന്നു പണം. പരാതിയുമായി എത്തിയപ്പോഴേക്കും പണം സ്റ്റേഷനില്‍ ഉണ്ടെന്നറിഞ്ഞ മുരളിക്ക് സന്തോഷവും ആശ്വാസവുമായി. ട്രഷറിയില്‍ അടക്കാന്‍ പോകുന്നതിനിടെയാണ് പണം വീണുപോയത്.