കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാന്‍ ഏഴുവയസുകാരിയെ ബലി നല്‍കിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ എന്നയാള്‍ കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലി നടത്തുകയായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലാണ് സംഭവം. ചാക്കിനുള്ളില്‍ നിന്നാണ് ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെടുത്തത്. തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
കുഞ്ഞുണ്ടാകാത്തതിനെ തുടര്‍ന്ന് താന്ത്രികന്റെ നിര്‍ദേശമനുസരിച്ചാണ് ഏഴുവയസുകാരിയെ ബലി നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. നരബലി നടത്തിയാല്‍ കുട്ടിയുണ്ടാകുമെന്ന് താന്ത്രികന്‍ വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം നടത്തിയതെന്നും യുവാവ് പറഞ്ഞു. ഞായാറാഴ്ച രാവിലെ വീട്ടിലെ മാലിന്യം ചവറ്റുകൊട്ടയില്‍ തള്ളാന്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.