മാവേലിക്കര : മദ്യലഹരിയില്‍ വഴക്കുണ്ടാക്കിയ മകന്‍ വീടിന് തീയിട്ട ശേഷം അമ്മയുടെ കഴുത്തറുത്തു. പിന്നീട് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെട്ടികുളങ്ങര കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കഴുത്തിന് മുറിവേറ്റ കാട്ടുവള്ളി നാമ്പോലില്‍ സുരേഷ് (50), ഇയാളുടെ മാതാവ് പരേതനായ അച്യുതന്‍പിള്ളയുടെ ഭാര്യ രുഗ്മിണി (78) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രുഗ്മണിയുടെ നില ഗുരുതരമാണ്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് തന്‍റെ സ്വന്തം സ്‌കൂട്ടറിന് തീയിട്ട ശേഷം വീടിനും തീയിട്ടു. ഇത് കണ്ടു നിന്ന നാട്ടുകാര്‍ പോലീസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചു. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തിവെക്കുകയായിരുന്നു.
ആരെങ്കിലും അടുത്തെത്തിയാല്‍ കഴുത്തറുക്കും എന്ന ഭീഷണിയോടെയായിരുന്നു ഇയാള്‍ അമ്മയുടെ കഴുത്തില്‍ കത്തി വെച്ചത്. ഇത് കണ്ട് നിന്നവര്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അസഭ്യവര്‍ഷത്തോടെ ഭീഷണി തുടര്‍ന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന അതിരു കല്ലില്‍ കാല്‍തട്ടി നിലത്തേക്ക് വീണു. ഇതുകണ്ട് പ്രകോപിതനായ സുരേഷ് അമ്മയുടെ കഴുത്ത് അറുക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ഇയാളുടെ കഴുത്തിലേക്ക് കത്തിവെച്ച് സ്വന്തം കഴുത്തും അറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസും അഗ്നിശമനയും ചേര്‍ന്ന് സുരേഷിനെ കീഴ്‌പ്പെടുത്തുകയും ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ മാവേലിക്കര ജില്ല ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്‍റെ ഭാര്യയും മകനും ഭാര്യയുടെ വീട്ടിലാണ് താമസം.
മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പോലീസ് പറയുന്നു. മാവേലിക്കര പോലീസ് കേസെടുത്തു. ഫോട്ടോഗ്രാഫറായിരുന്ന സുരേഷിന്‍റെ കമ്പ്യൂട്ടറുകൾ, അനുബന്ധ ഉപകരണങ്ങള്‍, സ്‌കൂട്ടര്‍ വീട്ടുപകരണങ്ങള്‍ എന്നിവ കത്തി നശിച്ചിട്ടുണ്ട്