ഭക്ഷണവും വെള്ളവുമില്ലാതെ ഒരാൾക്ക് എത്ര ദിവസം ജീവിക്കാനാകും? വെള്ളമില്ലാതെ ആളുകൾക്ക് 2 ദിവസം മുതൽ ഒരാഴ്ച വരെ ജീവിക്കാൻ കഴിയുമെന്നാണ് ഏകദേശ കണക്ക്. ഇതിനെ പല ഘടകങ്ങളും സ്വാധിനിക്കുന്നുണ്ട്. ഉദാഹരണത്തിന് ചൂടുള്ള സമയത്ത് കാറിൽ കുടുങ്ങിപ്പോകുകയോ കഠിനമായ ചൂടിൽ വ്യായാമം ചെയ്യുകയോ ചെയ്യുന്ന ആളുകൾക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിർജ്ജലീകരണം സംഭവിക്കാം. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ബയോളജിസ്റ്റ് റാൻഡൽ പാക്കറിന്റെ ഗവേഷണത്തിൽ വളരെ ചൂടുള്ള അന്തരീക്ഷത്തിൽ മുതിർന്നവരുടെ ശരീരത്തിൽ നിന്ന് ഒന്ന് മുതൽ 1.5 ലിറ്റർ വരെ വെള്ളം വിയർപ്പിന്റെ രൂപത്തിൽ നഷ്ടപ്പെടുന്നതായി കണ്ടെത്തി. ഈ സമയത്ത് വെള്ളം ലഭിച്ചില്ലെങ്കിൽ ആദ്യ ഘട്ടം നിർജ്ജലീകരണം സംഭവിക്കുന്നു. ശരീരം വേഗത്തിൽ ഓക്സിജൻ പമ്പ് ചെയ്യുകയും ശരീരഭാരത്തിന്റെ രണ്ട് ശതമാനം അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ അവസ്ഥ ദാഹത്തിന് കാരണമാകുന്നു.
രണ്ടാം ഘട്ടത്തിൽ ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കിഡ്നിയിൽ നിന്ന് മൂത്രസഞ്ചിയിലേക്ക് കുറച്ച് വെള്ളം മാത്രം എത്തുന്നതുമൂലം മൂത്രത്തിന് ഇരുണ്ട നിറമാകുന്നു. വിയർപ്പ് കുറയാൻ തുടങ്ങുന്നു. ഇതുമൂലം ശരീരത്തിന്റെ താപനില വർദ്ധിക്കുന്നു. ഇതൊരു മുന്നറിയിപ്പാണ്. രക്തം കട്ടിയാകുന്നു എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് ഹൃദയം അപ്പോൾ വേഗത്തിൽ പ്രവർത്തിക്കുന്നു. ഈ സമയത്ത് നമ്മുടെ ശരീരഭാരത്തിന്റെ ഭാരം നാല് ശതമാനം വരെ കുറയുന്നു. ഇതുമൂലം രക്ത സമ്മർദ്ദം കുറയുകയും തലകറക്കമുണ്ടാകുകയും ചെയ്യുന്നു. മൂന്നാം ഘട്ടം വളരെ അപകടകരമാണ്. ഈ അവസ്ഥയിൽ ശരീരഭാരം ഏഴ് ശതമാനം വരെ കുറയുന്നു. ബിപി സന്തുലിതമായി നിലനിൽക്കില്ല. കിഡ്‌നി പോലുള്ള സുപ്രധാന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കുന്നു. ഇതിലൂടെ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ അക്യൂട്ട് ട്യൂബുലാർ നെക്രോസിസ് എന്ന് വിളിക്കുന്നു. വെള്ളമില്ലാതെ ഒരാൾക്ക് എത്ര ദിവസം ജീവിക്കാൻ കഴിയുമെന്നത് കൃത്യമായി ഇതുവരെ അുമാനിച്ചിട്ടില്ല.