ഉത്തര്‍പ്രദേശ്: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി (എഎംയു) പരിസരത്താണ് ഈ ദാരുണ സംഭവമുണ്ടായത്. ഇന്ന് രാവിലെ 7.30 ഓടെയാണ് ആക്രമണമുണ്ടായത്. ക്യാംപസിനുള്ളില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പത്ത് പന്ത്രണ്ടോളം വരുന്ന നായകള്‍ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ സഫ്ദര്‍ അലി എന്ന യുവാവാണ് മരണപ്പെട്ടത്.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നായ്ക്കൂട്ടം യൂവാവിനെ ക്രൂരമായി ആക്രമിക്കുന്നതായും കാണാം. ആക്രമണ സമയത്ത് യുവാവിന് സമീപം മറ്റാരും ഇല്ലായിരുന്നു. പിന്നീടാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്തസ്രാവം മൂലം വഴിമധ്യേ മരണപ്പെടുകയായിരുന്നു.