ഡൽഹി: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കൈക്കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ മേല്‍ കാറോടിച്ച് കയറ്റാന്‍ ശ്രമിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. കുട്ടികളുടെ പിതാവുമായി യുവാവിനുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് ഈ ക്രൂരതയ്ക്ക് മുതിര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നിസാര പരുക്കുകളോടെ മൂന്ന് കുട്ടികളും രക്ഷപെട്ടു. കുട്ടികളെ കാറിടിച്ച് വീഴ്ത്തുന്നത് കണ്ടതും ആളുകള്‍ ഓടിക്കൂടി. ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റോഡരികിലൂടെ കൈക്കുഞ്ഞുമായി നടന്ന് നീങ്ങുന്ന കുട്ടികളെ ദൃശ്യത്തില്‍ കാണാം.
പെട്ടെന്ന് തന്നെ ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍ വരുന്നതും കുട്ടികള്‍ക്ക് നേരെ പാഞ്ഞ് കയറുന്നതും കാണാം. അക്രമത്തില്‍ കുട്ടികളുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഗോവിന്ദ് യാദവെന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിന്റെ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അപകടമുണ്ടാക്കിയ സമയം ഗോവിന്ദ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും കുട്ടികളെ കൊലപ്പെടുത്താന്‍ മനഃപൂര്‍വം ശ്രമിച്ചെന്ന് കരുതാനാവില്ലെന്നും പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ചുമത്തിയ കൊലപാതകശ്രമക്കുറ്റം ഒഴിവാക്കി.