ഭുവനേശ്വര്‍: 70-കാരനെയും രണ്ടു ഭാര്യമാരെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡിഷയിലാണ് സംഭവം. മഴു കൊണ്ട് തലയ്ക്ക് വെട്ടേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍. തങ്കധര്‍ സാഹു എന്ന 70-കാരനും ഭാര്യമാരായ ദ്രൗപതി സാഹു (65) മാധവി സാഹു (45) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധരും പോലീസ് നായയും സംഭവ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതേദഹങ്ങള്‍. രാവിലെ 11 മണി ആയിട്ടും വീടിന് വെളിയില്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് വന്ന് വീട് തുറന്നപ്പോഴാണ് തങ്കധര്‍ സാഹുവും ഭാര്യമാരും വെവ്വേറെ മുറികളില്‍ തലയ്ക്ക് വെട്ടേറ്റ് മരിച്ച് കിടക്കുന്നതായി കണ്ടത്. തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിന്റെ പിന്നില്‍ നിന്നും രക്തം പുരണ്ട കോടാലി പോലീസ് കണ്ടെടുത്തു.