മാനന്തവാടി : തന്റെ പ്രസംഗത്തിനിടെ സദസ്സിലിരുന്ന് കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് പ്രശസ്ത സിനിമാ താരം ടോവിനോ തോമസ്. മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് സംഭവം. വയനാട് ജില്ലാ കലക്ടറും സബ്ബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടോവിനോയുടെ വ്യത്യസ്ഥമായ ബോധവൽക്കരണം.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തിൽ ജില്ലാ ഭരണകൂടം മാനന്തവാടിയിൽ നടത്തിയ പൊതുചടങ്ങിലാണ് ടോവിനോയുടെ ബോധവൽക്കരണം. ടോവിനോ ഉദ്ഘാടനം പ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസിൽ കൂവിയ ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയാണ് മൈക്കിലൂടെ കൂവാൻ ടോവിനോ ആവശ്യപ്പെട്ടത് . ആദ്യം വിസമ്മതിച്ച കുട്ടി സമ്മർദ്ദം ഏറിയപ്പോൾ ഒരു പ്രാവശ്യം കൂവിയപ്പോൾ അത് പോരാതെ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും പൊതുജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് കെ.എസ്.യു.പരാതി നൽകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.