കൊച്ചി: പ്രമുഖ NBFC യായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) അനുബന്ധ സ്ഥാപനമായ ആശിർവാദ് മൈക്രോഫിനാൻസ് (Ashirvad Micro Finance) നെയും മറ്റ് മൂന്ന് NBFC കളെയും വായ്പകള്‍ വിതരണം ചെയ്യുന്നതിൽ നിന്ന് റിസര്‍വ് ബാങ്ക് വിലക്കിയതിന് തൊട്ടുപിന്നാലെ മണപ്പുറം ഫിനാൻസ് ഓഹരികൾ കുത്തനെ ഇടിയുകയാണ്. ഒക്ടോബർ 18-ന് രാവിലെ വ്യാപാരത്തിൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികള്‍ 15 ശതമാനം ഇടിഞ്ഞു.
ഇതോടെ മണപ്പുറം ഫിനാൻസിന്റെ റേറ്റിംഗും താഴേക്ക് പോയി. റിസർവ്വ് ബാങ്ക് പറയുന്നതനുസരിച്ച് ഈ NBFC കളുടെ മൂല്യനിർണ്ണയ നയം സംബന്ധിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. അവ അധികമാണെന്നും ചട്ടങ്ങൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി. മണപ്പുറം ഫിനാൻസിന്റെ മൈക്രോ ലെൻഡിംഗ് വിഭാഗമാണ് ആശിർവാദ് മൈക്രോഫിനാൻസ്, താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്ക് മൈക്രോഫിനാൻസ് വായ്പകൾ നൽകിയിരുന്നു. 2024 സാമ്പത്തിക വർഷത്തിൽ മണപ്പുറം ഫിനാൻസിന്റെ മൊത്തം വരുമാനത്തിന്റെ 27 ശതമാനം മൈക്രോ ഫിനാൻസ് വിഭാഗത്തിൽ നിന്നാണ്.
ഇന്ന് രാവിലെ 10.10-ന്, മണപ്പുറം ഫിനാൻസിന്റെ ഓഹരി വ്യാപാരത്തിൽ വിൽപ്പനക്കാരെ മാത്രമാണ് കണ്ടത്, ഒരു ഷെയറിന് 15 ശതമാനം ഇടിഞ്ഞ് 150.73 രൂപയായി. ആർബിഐ നിയന്ത്രണങ്ങൾ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ് അന്താരാഷ്ട്ര ബ്രോക്കറേജ് ജെഫറീസ് മണപ്പുറത്തെ ‘ഹോൾഡ്’ ആയി തരംതാഴ്ത്തി. പിടിച്ചു നിൽക്കണമെങ്കിൽ ആശിർവാദിന് മൂലധനം സമാഹരിച്ചേ മതിയാകൂ. അറ്റമൂല്യം കുറയുകയാണെങ്കിൽ മാതൃ കമ്പനിയായ മണപ്പുറം ഫിനാൻസിന് ആ മൂലധനം നൽകേണ്ടി വരും. ഇത് പ്രതിസന്ധി വർദ്ധിപ്പിക്കും. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് മണപ്പുറം ഫിനാൻസിന്റെ സ്റ്റോക്ക് 25 ശതമാനം ഡി-റേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്പനിയുടെ വളർച്ചാ ദൗർബല്യത്തിനും ആസ്തി നിലവാരത്തകർച്ചയ്ക്കും ഒരു വലിയ പരിധിവരെ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ജെഫറീസ് ബ്രോക്കറേജ് പറഞ്ഞു. ആശീർവാദ് മൈക്രോ ഫിനാൻസിന് റിസർവ്വ് ബാങ്കിന്റെ വിലക്ക് വന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് മാതൃ സ്ഥാപനമായ മണപ്പുറം ഫിനാൻസ് നീങ്ങുന്നതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.