കൊച്ചി : മാനസ കൊലക്കേസ് അന്വേഷണം എങ്ങുമെത്താതെ അന്വേഷിക്കേണ്ടി വരും. മാനസയെ കൊലപ്പെടുത്തിയ രാഖില്‍ ആത്മഹത്യ ചെയ്തതു കൊണ്ടു തന്നെ അന്വേഷണം അവസാനിപ്പിച്ചാലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. തോക്കിന്റെ ഉറവിടം കണ്ടെത്തല്‍ നടക്കില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യം അറിയാവുന്ന രാഖിലിന്റെ ആത്മഹത്യയാണ് തോക്കു കണ്ടെത്തുന്നതില്‍ തടസ്സം.
ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയെന്നാണ് അനുമാനം. എന്നാല്‍ തോക്കിനെക്കുറിച്ച് ആധികാരിക വിവരങ്ങളൊന്നും കണ്ടെത്താന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ആധുനിക പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ബാലിസ്റ്റിക് വിദഗ്ധരുടെ അഭാവം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഈ തോക്കിന്റെ വിശദാംശങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനസ കൊല്ലപ്പെട്ടു 4 ദിവസം പിന്നിട്ടിട്ടും കൊലയ്ക്ക് ഉപയോഗിച്ച തോക്ക് സംബന്ധിച്ച ആശയക്കുഴപ്പം തുടരുമ്പോള്‍ അന്വേഷണം പ്രതിസന്ധിയിലാകും.
കൊലനടത്താന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അഞ്ചംഗ പോലീസ് സംഘം ഇന്നലെ വൈകിട്ട് ബിഹാറിലേക്കു തിരിക്കുമ്പോഴും തോക്ക് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലും കിട്ടിയില്ല. അതുകൊണ്ട് തന്നെ ബിഹാര്‍ യാത്രയും വെറുതെയാകും. തോക്ക് നിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് കയറി ചെന്ന് അന്വേഷണം പ്രായോഗികമല്ലെന്നും അവര്‍ തിരിച്ചറിയുന്നു. വെറും സാങ്കേതികത്വത്തിന് വേണ്ടി മാത്രമാണ് ഈ യാത്ര.
തോക്ക് എവിടെ നിന്ന് കിട്ടിയതാണെന്ന് ബാലിസ്റ്റിക് പരിശോധനയിലൂടെ ഉറപ്പിക്കാനാകും. ഇതിന് ശേഷം ഇതരസംസ്ഥാനത്തേക്ക് അന്വേഷണം നീട്ടാനായിരുന്നു ആലോചന. അതുറപ്പാകില്ലെന്ന് മനസ്സിയാതോടെയാണ് സംഘം ബീഹാറിലേക്ക് പോയത്. പ്രാഥമിക അന്വേഷണം നടത്താനാണ് നീക്കം. കേരളത്തിലുണ്ടാക്കിയ കള്ളത്തോക്കാണോ ഇതെന്ന് പോലും ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കൈത്തോക്കിന്റെ (പിസ്റ്റള്‍) ഘടനയില്‍ മാറ്റം വരുത്തിയതായി സംശയമുള്ള സാഹചര്യത്തിലാണ് പോലീസിന് പ്രതിസന്ധി കൂടുന്നത്. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവര്‍ തോക്ക് അഴിച്ചു പരിശോധിക്കുന്നത് കൂടുതല്‍ പ്രശ്‌നമാകും.
പ്രഹരശേഷി കൂടിയ പിസ്റ്റലുകളുടെ നിര്‍മ്മാണത്തില്‍ ഇരുനൂറിലേറെ സാങ്കേതിക ഘടകങ്ങള്‍ പരിശോധിക്കേണ്ടിവരും. ഇതില്‍ ഒരോ ഭാഗത്തിന്റെയും ഉപയോഗം, ഘടനയില്‍ വ്യത്യാസം വരുത്തിയ തോക്കുകളുടെ കൃത്യമായ രൂപരേഖ, ഘടനാമാറ്റത്തിന്റെ അനന്തരഫലം എന്നിവ കണ്ടെത്തുക ബാലിസ്റ്റിക് വിദഗ്ധരാണ്. ഇതിലൂടെ തോക്കിന്റെ യഥാര്‍ത്ഥ ഉറവിടം പോലും കണ്ടെത്താം.
വിചാരണ ആവശ്യം വരുന്ന കേസുകളില്‍ ബാലിസ്റ്റിക് വിദഗ്ധന്റെ സാക്ഷി വിസ്താരം ഏറെ നിര്‍ണായകമാണ്. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കൊലക്കേസുകളില്‍ തോക്കുകള്‍ തൊണ്ടി മുതലാകുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ കുറവാണ്. മാനസ കേസില്‍ പ്രതി രാഖിലാണ്. രാഖില്‍ മരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ കേസില്‍ പ്രധാന പ്രതി രാഖില്‍ മാത്രമാണെന്ന് പോലീസ് വിലയിരുത്തുന്നു.