ആലപ്പുഴ : മഴമാറി ജലനിരപ്പ് താഴ്ന്നിട്ടും എട്ടുമാസത്തോളമായി തുടരുന്ന വെള്ളക്കെട്ടിനു മങ്കൊമ്പില്‍ ശമനമായില്ല. പ്രദേശത്തെ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പുളിങ്കുന്ന് പഞ്ചായത്ത് 14-ാം വാര്‍ഡ് ആറാട്ടുവഴി റോഡിന് തെക്കുഭാഗത്തായി താമസിക്കുന്ന കുടുംബങ്ങളാണ് ഇപ്പോഴും ദുരിതത്തില്‍ക്കഴിയുന്നത്. ഇതുവഴി വെള്ളം കവിഞ്ഞു കയറുന്നത് മേച്ചേരി- വാക്കല്‍ പാടശേഖരത്തെ പമ്പിങ്ങിനും ഭീഷണിയാകുന്നു.
മറ്റുപ്രദേശങ്ങളില്‍ പുഞ്ചക്കൃഷി ആരംഭിച്ചിരിക്കെ പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയിലെ മേച്ചേരി- വാക്ക പാടശേഖരത്ത് കഴിഞ്ഞദിവസമാണ് പമ്പിങ് ആരംഭിച്ചത്. ജലനിരപ്പ് ഉയര്‍ന്നുനിന്ന സാഹചര്യത്തില്‍ ശക്തമായ പുറംബണ്ട് ഇല്ലാതിരുന്നതാണ് പമ്പിങ് വൈകാന്‍ കാരണം. ഇതേത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായ വികാസ് മാര്‍ഗ് റോഡും വെള്ളക്കെട്ടായി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പുളിങ്കുന്ന് താലൂക്കാശുപത്രി, വില്ലേജ് ഓഫീസ്, കൃഷിഭവന്‍, പഞ്ചായത്തോഫീസ്, വിവിധ സ്കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിലേക്ക് പോകുന്നതിന് വികാസ്‌മാര്‍ഗ് റോഡ് മാത്രമാണ് ആശ്രയം.