പത്തനംതിട്ട : ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലെ മണ്ഡലകാല-മകരവിളക്ക് ഉത്സവത്തിനു എത്തുന്ന അയ്യപ്പന്മാരെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ജില്ലാ ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ സുരക്ഷ സംബന്ധിച്ച യോഗം നാളെ (15) പമ്പയില്‍ ചേരും. ലീഗല്‍ മെട്രോളജി, സിവില്‍ സപ്പ്‌ളൈസ്, റവന്യു, ഹെല്‍ത്ത് തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന കളക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വിലനിലവാരപ്പട്ടിക ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിച്ചു. ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും.
സ്റ്റീല്‍, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങള്‍ക്കും കളക്ടര്‍ നില നിശ്ചയിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറില്‍ കൂടുതല്‍ കൈവശം വെക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല. വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നാല് സ്‌ക്വാഡുകള്‍ ശബരിമലയില്‍ തയ്യാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന നടത്തും.
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
ജീവനക്കാരും ടൈഫോയിഡ് വാക്സിനേഷന്‍ കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമായും കയ്യില്‍ കരുതണം. സര്‍ക്കാര്‍ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ള ഇടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ നാളെ (15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെഎസ്ആര്‍ടിസിയും പത്തനംതിട്ടയിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ സന്നദ്ധരായി കഴിഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.