കോന്നി : ശബരിമല മണ്ഡല കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോന്നിയിലെ കാനന പാതയിലൂടെ അയ്യപ്പ ഭക്തർ കാൽനടയായി സഞ്ചരിക്കുന്നത് സജീവമാകുന്നു. വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമടക്കമുള്ള അയ്യപ്പ ഭക്തർ ആണ് പരമ്പരാഗത കാനന പാതയിലൂടെ സഞ്ചരിച്ച് ശബരിമലക്ക് പോകുന്നത്. കർണാടക, തമിഴ്നാട് ഭാഗങ്ങളിൽ നിന്നും വരുന്ന അയ്യപ്പ ഭക്തർ ആണ് ഇതര സംസ്ഥാന അയ്യപ്പ ഭക്തരിൽ കൂടുതലും. ഇവർ തിരുമലകോവിൽ വഴി അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തി ദർശനം കഴിഞ്ഞ് അച്ചൻകോവിൽ തുറ വഴി ഉൾവനത്തിലൂടെ കല്ലേലി എത്തി നടുവത്തുമൂഴി വഴി കുമ്മണ്ണൂർ കോന്നി വഴി കടന്നു പോവുകയും ചിലർ കല്ലേലി വഴി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിൽ എത്തി വിശ്രമിച്ച ശേഷം തണ്ണിത്തോട് – ചിറ്റാർ – സീതത്തോട് – ആങ്ങമൂഴി വഴി പ്ലാപ്പള്ളിയിൽഎത്തി ശബരിമലക്ക് പോവുകയും ചെയ്യുന്നു.
ഈ രണ്ട് വഴികളിൽ കൂടിയും അയ്യപ്പ ഭക്തർ വന്നു തുടങ്ങിട്ടുണ്ട്. കോന്നി തണ്ണിത്തോട് റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പ്രകാശിക്കുന്നില്ല. വന്യ മൃഗ ശല്യം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ വെളിച്ചം കുറയുന്നത് കാല്‍ നടയായി വരുന്ന അയ്യപ്പ ഭക്തർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള ഭാഗങ്ങളിൽ വനമേഖല ആയതിനാൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് സാധാരണയാണ്. ഈ ഭാഗങ്ങളിൽ വെളിച്ചം ഉറപ്പാക്കേണ്ടതും ആവശ്യമാണ്. ഓരോ മണ്ഡല കാലത്തും നിരവധി അയ്യപ്പഭക്തർ ആണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.