റാന്നി: ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ പൊതുമരാമത്ത് റോഡില്‍ ദൂരപരിധി ലംഘിച്ച് നിര്‍മ്മാണം നടത്താനുള്ള ശ്രമം പോലീസ് എത്തി തടഞ്ഞു. ചേത്തയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മണ്ണുങ്കല്‍ രമേശിന്റെ നേതൃത്വത്തിലാണ് അനധികൃത നിര്‍മ്മാണം നടത്താന്‍ ശ്രമിച്ചത്.
മന്ദമരുതി- വെച്ചൂച്ചിറ-മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി റോഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വീതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ചേത്തയ്ക്കല്‍ ഭാഗത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ചില്ലു പൊട്ടിക്കുകയും പെട്രോള്‍ ഒഴിച്ചു കത്തിക്കുവാനും ശ്രമമുണ്ടായിരുന്നു. വീതി വര്‍ദ്ധിപ്പിക്കുന്നതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം സംരക്ഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് ഉണ്ടാകുന്നതിന് മുമ്പായി മിക്കയിടത്തും ആവശ്യത്തിന് വീതിയെടുത്തിരുന്നു. മന്ദമരുതിക്ക് സമീപം വീതിയെടുത്തതിന് സ്ഥലമുടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി പോലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. റോഡ് വീതി വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും പരാതിക്കാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയില്ലെന്നതായിരുന്ന കാരണം.
എന്നാല്‍ ഈ വിമര്‍ശനം പഴയ കെട്ടുകളും ഇറക്കുകളും പുനസ്ഥാപിക്കുവാനുള്ളതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ചിലരുടെ ശ്രമം. ഇതിന്റെ മറവില്‍ റോഡില്‍ നിന്നും ദൂരപരിധി ലംഘിച്ച് മതിലുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് റാന്നി പോലീസ് എത്തി തടഞ്ഞത്. മിക്ക ഭൂഉടമകളും വര്‍ദ്ധിപ്പിച്ച വീതി നിലനിര്‍ത്തി കെട്ടുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ചിലര്‍ വീതിയായി എടുത്ത സ്ഥലം വീണ്ടും തന്റെ ഭൂമിയോടൊപ്പം ചേര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവിടെ മതിലുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് റാന്നി പോലീസ് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്.