റാന്നി : 20 വർഷത്തിൽ അധികമായി അറ്റകുറ്റപ്പണികൾ നടത്താതെ മന്ദമരുതി – കക്കുടുമൺ റോഡ് തകർന്ന് തരിപ്പണമായി കിടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ വഴി നടക്കാനുള്ള അവകാശത്തിന് പിഡബ്ല്യുഡി യാതൊരു പ്രാധാന്യവും നൽകുന്നില്ല. 12.55 കോടി രൂപ അനുവദിച്ചു എന്ന് പറഞ്ഞു ഫ്ലക്സ് ബോർഡുകൾ വെച്ചത് കൊണ്ട് റോഡ് ഉണ്ടാവില്ല. റാന്നിയിൽ കഴിഞ്ഞ 30 വർഷമായി ഫ്ലെക്സുകൾ മാത്രമേ ഉള്ളൂ എന്നും കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് അടക്കം ഉപയോഗിക്കാവുന്ന റോഡിനോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ദമരുതി കക്കുടുമൺ റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് തോമസ്, സി. കെ. ബാലൻ, സിബി താഴതില്ലത്ത്, റൂബി കോശി, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, ബിനോജ് ചിറയ്ക്കൽ, ജോസഫ് കാക്കാനംപള്ളിയിൽ, എബ്രഹാം കെ ചാക്കോ എന്നിവർ പ്രസംഗിച്ചു.