തിരുവനന്തപുരം : കനത്ത മഴയെതുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി. വീടുകളില്‍ വെള്ളം കയറി. രണ്ടിടത്ത് ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. ആളപായമില്ല. പ്രദേശത്തെ അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. അതിരിപ്പിളളിയിലും മഴ കനത്തു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുന്നു. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളിളും മഴയുണ്ട് മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു.
തമിഴ്‌നാടിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത നാല് ദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിക്കൂറില്‍ 40 കി മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.