മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ബോംബിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഓട്ടോറിക്ഷയിൽ എത്തി ടിക്കറ്റ് കൗണ്ടറിനടുത് ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ തേടുകയാണ് പോലീസ്. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. മംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കർണാടകത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും അതീവ ജാഗ്രത നിർദ്ദേശംതുടരുകയാണ്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് ഉപേക്ഷിച്ച നിലയില്‍ സിഐഎസ്എഫ് ജീവനക്കാര്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് അലെര്‍ട്ട് പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയും ചെയ്തു.
വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. ഓട്ടോയില്‍ എത്തിയ ഒരാള്‍ ഇന്‍ഡിഗോ ബുക്കിംഗ് സെന്‍ററിന് സമീപം ബാഗ് ഉപേക്ഷിച്ച് അതേ ഓട്ടോയില്‍ തന്നെ മടങ്ങുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഓട്ടോയുടെയും വ്യക്തിയുടെയും ചിത്രങ്ങള്‍ മംഗളൂരു പോലീസ് പുറത്തുവിട്ടു.