തിരുവനന്തപുരം : കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി പരിഹരിക്കാന്‍ മാണി സി കാപ്പന്റെ നീക്കം. തിരുവനന്തപുരത്ത് എത്തി മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കാണും. ഘടക കക്ഷി ആക്കുന്ന കാര്യത്തില്‍ ചില യുഡിഎഫ് നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അപശബ്ദങ്ങള്‍ ഒഴിവാക്കാനാണ് കാപ്പന്റെ നീക്കം.
യുഡിഎഫില്‍ മൂന്ന് സീറ്റുകള്‍ കിട്ടുമെന്ന മാണി സി. കാപ്പന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്‍ഡും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രകടിപ്പിച്ചത്. ഇത് പരിഹരിക്കുകയാണ് മാണി സി. കാപ്പന്റെ ലക്ഷ്യം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന യുഡിഎഫ് നേതാക്കളില്‍നിന്ന് ഘടകകക്ഷി ആക്കാം എന്നുള്ള ഉറപ്പ് ലഭിച്ചിട്ടുണ്ട്. എങ്കിലും കെപിസിസി നേതൃത്വത്തിന്റെ വിയോജിപ്പ് തിരിച്ചടി ആകാതിരിക്കാന്‍ ആണ് കാപ്പന്റെ ശ്രമം. പാലാ കൂടാതെ മറ്റ് രണ്ട് സീറ്റുകള്‍ കൂടി ലഭിക്കുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.
എന്‍സിപി വിട്ട് പുറത്തുവന്ന നേതാക്കളെ സീറ്റ് നല്‍കി ഒപ്പം നിര്‍ത്തിയില്ലെങ്കില്‍ കാപ്പന്റെ പിന്തുണ കുറയും. സുല്‍ഫിക്കര്‍ മയൂരി, സലിം പി. മാത്യു തുടങ്ങിയവരെയാണ് മത്സര രംഗത്തേക്ക് കൊണ്ടുവരാന്‍ കാപ്പന്‍ പരിഗണിക്കുന്നത്. 22 ന് പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച തീരുമാനം ഉണ്ടായാല്‍ ഉടന്‍ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കാനാണ് നീക്കം. ഇതിനു മുമ്പ് സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കും.
കേരള എന്‍സിപി എന്ന പേര് പാര്‍ട്ടിക്കു നല്‍കിയത് അണികളെയും പ്രവര്‍ത്തകരെയും ആകര്‍ഷിക്കാന്‍ ആണെന്നാണ് സൂചന. ചെറു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്ത് എല്ലാ ജില്ലകളിലും ശക്തിയുള്ള പാര്‍ട്ടിയാക്കുകയാണ് ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ വിട്ടു വന്നവര്‍ കഴിഞ്ഞദിവസം കാപ്പനൊപ്പം ചേര്‍ന്നിരുന്നു. ഇവയെല്ലാം യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാട്ടി സീറ്റ് ആവശ്യം ശക്തമാക്കാനാണ് പദ്ധതി.